ഇതരകൃതികൾ
“മനക്കോടുവാഴും മഹാമാനശാലി
മനക്കാമ്പിലേറ്റം കൃപാവാരിരാശി
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ
എനിക്കാശ്രയം ബാലരാമാഭിധാനൻ”
എന്നിങ്ങനെ മനക്കോട്ടുപ്രഭുവിനെ അനേകം സ്ഥലത്തു പ്രകടമായി ശ്ലാഘിച്ചിരിക്കുന്നു. ഇതു് നമ്പ്യാരുടെ പ്രകൃതിക്ക് – സ്തുതിപാഠകത്വത്തിനു് – യോജിക്കുന്നതുമാണു്. ആകയാൽ ശിവപുരാണം എഴുത്തച്ഛൻ്റേതെന്നുള്ള വാദം തീരെ ദുർബ്ബലമാണെന്നു പറയാതെ തരമില്ല.
സ്കന്ദപുരാണകഥയെ അവലംബിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു് ശിവപുരാണം. ഇതിൽ ശനിപ്രാദാഷമാഹാത്മ്യം, ശിവരാത്രിമാഹാത്മ്യം, സോമവാരവ്രതമാഹാത്മ്യം, എന്നുതുടങ്ങി പന്ത്രണ്ടു മാഹാത്മ്യങ്ങളെ സൂതൻ നൈമിശാരണ്യത്തിലെ മഹർഷിമാരോടു് ഉപദേശിക്കുന്നതായിട്ടാണു് പ്രതിപാദിച്ചിരിക്കുന്നതു്. നല്ല ഒഴുക്ക്, ലാളിത്യം മുതലായ കാവ്യഗുണങ്ങൾ തികഞ്ഞിട്ടുള്ള ഈ കൃതി, നമ്പ്യാരുടെ ബാല്യകവനമാണെങ്കിലും, ഭാഷാവൃത്തങ്ങളും പദങ്ങളും കവിക്കു നല്ലപോലെ സ്വാധീനമായ ഒരു കാലത്താണു് നിർമ്മിച്ചിട്ടുള്ളതെന്ന് ഊഹിക്കുവാൻ യാതൊരു പ്രയാസവുമില്ല.
നമ്പ്യാരുടെ വകയായി മേൽസൂചിപ്പിച്ച കൃതികളിൽ ഓരോന്നും എന്ന്, എവിടെവെച്ച്, നിർമ്മിച്ചു എന്നുള്ളതിനു ശരിയായ തെളിവുകൾ ഒന്നും കാണുന്നില്ല. കിളിപ്പാട്ടുകളിൽ പലതിൻ്റേയും നിർമ്മാണകാലത്തു നമ്മുടെ കവി, കവിതാങ്കണത്തിൽ കച്ചകെട്ടി ഇറങ്ങുവാൻ ഏതാണ്ടു ശക്തനായിതീർന്നിരുന്നുവെന്നു് അതിലെ കവിതാരീതി വ്യക്തീകരിക്കുന്നുണ്ടു്.
