അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

നളചരിതം

നമ്പ്യാരുടെ വേറൊരു ബാല്യകൃതിയാണു് നളചരിതം കിളിപ്പാട്ടു്. കവിയുടെ കവനമുദ്രകൾ ഇതിലും പല സ്ഥലത്തും തെളിഞ്ഞുകാണുന്നുണ്ടു്. ഘോരമായ കാന്താരത്തിൽവെച്ചു്, നളമഹാരാജാവു സ്വകാന്തയെ വിട്ടുപിരിയുന്ന ഭാഗം ഏററവും ഹൃദയസ്പൃക്കായിരിക്കുന്നു.

“സാദരം നരേശ്വരൻ സാരസമുഖിയുടെ
പാദപങ്കജേ വീണുകേണിതു് പലതരം-
പ്രാണവല്ലഭേ, ശുഭേ നിന്നുടെ വിയോഗവും
പ്രാണഹാനിയും നമുക്കേതുമേ ഭേദമില്ല;
നിന്നോടൊന്നിച്ചുവസിക്കുമ്പോൾ
ക്ഷോണിയും ധനങ്ങളും പോയതിൽ ഖേദമില്ല”

എന്നുതുടങ്ങുന്ന ഭാഗം നോക്കുക.

കലിബാധയാൽ ദമയന്തിയെ വിട്ടുപോയ നളൻ വിദൂരസ്ഥലങ്ങളിൽ സഞ്ചരിക്കുന്നകാലത്തു കണ്ടെത്തിയ കാട്ടുതീയുടെ വർണ്ണന, രീതിസാമ്യം കൊണ്ടു കല്യാണസൗഗന്ധികത്തിലെ ഭീമസേനൻ്റെ യാത്രയേയും, ധ്‌റുവചരിത ത്തിലെ നാരദാഗമനത്തേയും സ്മരിപ്പിക്കുന്നതായി തോന്നിപ്പോകുന്നു.

“ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തീടണം
വന്നതുവന്നു പിന്നെദൈവവും തുണച്ചീടും?”

എന്നിങ്ങനെ അവിസ്മരണീയങ്ങളായ പല സാരോപദേശങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്. രചനാഗുണം കൊണ്ടു നളചരിതം നമ്പ്യാരുടെ ബാല്യകൃതികളിൽ പ്രശംസാർഹമായ ഒന്നത്രെ.