ഇതരകൃതികൾ
“എങ്കിലങ്ങൊരുദിനം മാമുനികുലോത്തമൻ
ശങ്കരപ്രിയതമൻ ശാശ്വതൽ മഹാമതി
വിശ്രുതശ്രീ ദുർവ്വാസാവെന്നു പേരായുള്ളൊരു
വിശ്വസഞ്ചാരി മഹാകോപനൻ തപോധനൻ”
എന്നിങ്ങനെയുള്ള പ്രയോഗരീതികളും മററും, ഇതു് നമ്പ്യാരുടെ കൃതിയെന്നുള്ളതിനെ വിളംബരപ്പെടുത്തുന്നു.
പാർവ്വതീസ്വയംവരം പാന
അടുത്തകാലത്തു മുദ്രിതമായ ഒരു കൃതിയാണിതു്. പാർവ്വതീസ്വയംവരം പ്രബന്ധം, കുമാരസംഭവം മുതലായ കൃതികളെ ഉപജീവിച്ചാണ് ഇതിന്റെ നിർമ്മാണം.
എങ്കിലും തുള്ളൽ കഥാകാരൻ്റെ രസികത്വം ഇതിൽ നല്ല പോലെ തെളിഞ്ഞു കാണുന്നുണ്ടു്. രതിവിലാപത്തിൽ-
“പ്രേയസിയെന്നും പ്രാണസമയെന്നും
കാമിനിയെന്നും കല്യാണിനിയെന്നും
ഭാമിനിയെന്നുമെപ്പൊഴും ഘോഷിക്കും,
നീരസമെന്നു തോന്നിത്തുടങ്ങുമ്പോൾ
പേരുമാറിവിളിക്കും പതുക്കവേ.”
എന്നിങ്ങനെ ഭൗതിക പ്രണയത്തിൻ്റെ അസ്ഥിരതയെ ഫലിതമയമായി വർണ്ണിച്ചിട്ടുള്ളതും മറ്റും മതിയായ തെളിവുകളാണു്.
