ഇതരകൃതികൾ
ഭാഗവതം ഇരുപത്തിനാലു വൃത്തം
ശ്രീകൃഷ്ണൻ്റെ അവതാരത്തേയും, അപദാനങ്ങളേയുമാണ് ഇതിൽ പ്രകീർത്തിച്ചിരിക്കുന്നതു്. പ്രസ്തുതഗ്രന്ഥം, സർവ്വപ്രകാരത്തിലും രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചെഴുതിയിട്ടുള്ള ഒരു ഗാനകൃതിയത്രെ. ഏതാദൃശമായ അനുകരണങ്ങളാണു്, നമ്പ്യാരെ പില്ക്കാലത്തു സരസഗായക കവിമണിയാക്കിത്തീർത്തതെന്നുള്ളതിനു യാതൊരു സംശയവുമില്ല. അനുകരണകാലത്തും നമ്പ്യാരുടെ സ്വതന്ത്രമനോഭാവം പ്രത്യക്ഷീഭവിച്ചിരുന്നതായി തൽകൃതികളിൽ കാണാവുന്നതാണു്. ക്ഷേത്രത്തിൽപോയി ഭാവിനിയെ വന്ദിച്ചശേഷം സ്വയംവര സദസ്സിലേയ്ക്ക് എഴുന്നള്ളുന്ന കമനീയാംഗിയായ രുഗ്മിണിയെക്കണ്ടു മോഹാന്ധന്മാരായിഭവിച്ച രാജാക്കന്മാർ കാട്ടികൂട്ടുന്ന ഗോഷ്ടികളേയും, അവരിൽ ചിലർക്കുപറ്റിയ വിഡ്‌ഡിത്തങ്ങളേയും എത്ര സരസമായിട്ടാണു് മനോധർമ്മപടുവായ നമ്പ്യാർ വർണ്ണിച്ചിരിക്കുന്നതെന്നു്, ആ ഭാഗം വായിച്ചുതന്നെ അറിയേണ്ടതാണു്. രുഗ്മിണിയെ രഥത്തിൽകയറ്റി ശ്രീകൃഷ്ണൻ കടന്നു കളഞ്ഞപ്പോൾ ശിശുപാലനാണു് ഏററവും കൂടുതൽ ജളത്വം സംഭവിച്ചത്.
