ത്രിമൂർത്തികൾ-വള്ളത്തോൾ
പ്രാരംഭം: കേൾവിപ്പെട്ട കവിത്രയത്തിൽ ഒടുവിലത്തെ വ്യക്തിയായി അവശേഷിച്ചിരുന്ന മഹാകവി വള്ളത്തോൾ 1958 മാർച്ച് 13-ാം തീയതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കൊല്ലവർഷം 1054 തുലാം 1-ാം തീയതി മകയിരം നക്ഷത്രത്തിൽ വള്ളുവനാട്ടു താലൂക്കിൽ വള്ളത്തോൾ കുടുംബത്തിൽ പാർവ്വതി അമ്മയുടേയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിൻ്റേയും അരുമസന്താനമായി വള്ളത്തോൾ നാരായണമേനോൻ ജനിച്ചു. 60-ലധികം വർഷങ്ങൾ അദ്ദേഹം കേരളത്തിലെ സാംസ്ക്കാരികമണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നു. 12 -ാമത്തെ വയസ്സിൽ, ‘കിരാതശതക’ത്തിലാരംഭിച്ച കവി, കൃത്യം 79-ാമത്തെ വയസ്സിൽ ‘ഋഗ്വേദതർജിമ’യിൽ ചെന്നവസാനിച്ചു. ഇത്രയും സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നിരന്തരമായി സാഹിത്യവ്യവസായത്തിലേർപ്പെടുകയും, സ്വജീവിതകാലത്തു തന്നെ വിശ്വാന്തവിശ്രാന്തമായ കീർത്തി സമാർജ്ജിക്കയും ചെയ്ത, മറ്റൊരു മഹാകവിയെ കേരളസാഹിത്യത്തിൽ നമുക്കു കാണാൻ സാദ്ധ്യമല്ല. ശ്രീ എൻ. ഗോപാലപിള്ള പ്രസ്താവിച്ചിട്ടുള്ളതുപോലെ പഴയമട്ടിലുള്ള സംസ്കൃത വിദ്യാഭ്യാസവും അതുവഴിക്കു സമ്പാദിച്ച കാവ്യസംസ്ക്കാരങ്ങളുമായിരുന്നു വള്ളത്തോളിൻ്റെ കവി കർമ്മങ്ങൾക്കു കൈമുതലായിത്തീർന്നിരുന്നത്. കാലോചിതമായ ഇതര സംസ്ക്കാരങ്ങളും മഹാകവി മറ്റുവിധത്തിൽ സമ്പാദിക്കാതെയുമിരുന്നില്ല. അവയുടെയെല്ലാം സമഞ്ജസമായ സമ്മേളനം സ്വകൃതികളിൽ പ്രതിഫലിച്ചു പ്രകാശിക്കുന്നതു കാണാവുന്നതുതന്നെയാണു്.