ത്രിമൂർത്തികൾ-വള്ളത്തോൾ
അച്ഛനും മകളും: ഗുരുപാദരെ–കാശ്യപനെ–കണ്ടു വന്ദിപ്പാൻ ആശ്രമോപാന്തത്തിലെത്തിയ വിശ്വാമിത്രൻ അവിടെ കണ്ട ഒരു കുട്ടിയുമായി സംസാരിക്കുന്നു. അതിനിടയിൽ അവൻ്റെ അമ്മ അവിടെ എത്തുകയും അവൾ തൻ്റെ പുത്രിയായ ശകുന്തളയാണെന്നറിയുകയും ചെയ്യുന്നു. അന്തർവ്വത്നിയായപ്പോൾ ഭർത്താവായ ദുഷ്ഷന്തൻ അഹേതുകമായി അവളെ പരിത്യജിച്ചുവെന്നറിയുന്നതോടെ ക്ഷുഭിതേന്ദ്രിയനായിത്തീരുന്ന വിശ്വാമിത്രൻ, തൻ്റെ തപഃപ്രാഭവംകൊണ്ടു ദുഷ്ഷന്തനെ ദഹിപ്പിക്കുവാൻ ഒരുങ്ങുന്നു. സ്വപുത്രി ആ സാഹസകർമ്മത്തിൽ നിന്നു പിതാവിനെ നേർവഴിക്കു നയിക്കുകയും ചെയ്യുന്നു. ഇതാണു് ഈ ലഘു കാവ്യത്തിലെ ഉള്ളടക്കം.
അപത്യവാത്സല്യമേ, വശിയും വശഗൻ തേ
അപത്യവാത്സല്യം ഒരുവശിയുടെ ഹൃദയത്തേയും എങ്ങനെയൊക്കെ ചലിപ്പിക്കുന്നുവെന്നു കാണിക്കുകയാണു് ഈ കാവ്യത്തിൽ ചെയ്യുന്നതെന്നും പറയാം.
ആശ്രമോപാന്തത്തിൽ കണ്ട കുട്ടിയാൽ ആകൃഷ്ടനായിത്തീരുന്ന വിശ്വാമിത്രൻ, വാത്സല്യാതിരേകത്താൽ ആ കുട്ടിയെ തൻ്റെ പെരിയ ബാഹുക്കൾ കൊണ്ട് കുനിഞ്ഞു കെട്ടിപ്പുണരുന്നു. അങ്ങനെ ആ ബ്രഹ്മതേജസ്സിൻ കാമ്പും ക്ഷത്രതേജസീൻ കൂമ്പും തമ്മിൽ മേളിക്കുന്ന ആ മനോഹരരംഗത്തെ നോക്കി ആനന്ദിച്ചുകൊണ്ട് കവി പുറപ്പെടുവിക്കുന്ന സുവചസ്സുകൾ കേൾക്കേണ്ട ഒന്നുതന്നെ.
ഞാനൊന്നു ചോദിക്കട്ടെ സാദരം മഹാമുനേ,
ധ്യാനത്തിലുൾച്ചേരുന്നസ്സച്ചിദാനന്ദം താനോ
മാനിച്ചീയിളംപൂമെയ് പുൽകലിലുളവായോ-
രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം?
