ത്രിമൂർത്തികൾ-വള്ളത്തോൾ
പുരാണവിഷയങ്ങളെ ആസ്പദമാക്കിയുള്ള അക്കാലത്തെ കവിതകളിൽപ്പോലും കവിയുടെ ദേശീയവികാരോഷ്മളത ജ്വലിച്ചുയരുക പതിവായിരുന്നു. ‘ശിഷ്യനും മകനും’ എന്ന ഖണ്ഡകൃതിയിൽ, ഉണ്ണിഗ്ഗണേശൻ ഭൃഗുരാമനെ വിണ്ണിൽ പമ്പരം തിരിച്ചുവിട്ടതിൻ്റെ അനിഷ്ടഫലത്തെപ്പറ്റി വർണ്ണിക്കുമ്പോൾ കവി പറയുന്നതു നോക്കുക:
ഉല്ലാസിതഭ്രുകടിയായ് ഭൃഗുമുഖ്യനെന്തെ–
ന്നില്ലാത്തൊരീ പ്രഥമമായ പരാഭവത്താൽ
വല്ലായ്മ ദേവകൾ പെടുത്തുവതും ക്ഷമിപ്പൊ–
ന്നല്ലായിരുന്നു ഹഹ, ഭാരതപൂർവ്വരക്തം!
മഹാകാവ്യരചനകൊണ്ടല്ല, ഇത്തരം ലഘുകാവ്യങ്ങളുടെ നിർമ്മിതികൊണ്ടാണ് വള്ളത്തോൾ നവോത്ഥാനത്തിൻ്റെ ഗായകനായി ഉയർന്നതു്. അതോടുകൂടിത്തന്നെയാണ് അദ്ദേഹം കേരളീയരുടെ മഹാകവിയായി ഉച്ചൈസ്തരം ഉദ്ഘോഷിക്കപ്പെട്ടതും.
