പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

മഹാകവി തന്നിലുയർന്നുവന്ന ദേശീയപ്രബുദ്ധതയുടെ മറ്റൊരു ഭാഗമായി സ്വദേശവും സ്വന്തഭാഷയും മറ്റേതിനേക്കാളും ശ്രേഷ്ഠങ്ങളായി കരുതുവാനും മുതിർന്നു. സാഹിത്യമഞ്ജരിയിലെ ‘മാതൃവന്ദനം’ തുടങ്ങിയ കവിതകൾ കേരളത്തിൻ്റെ രാമണീയകത്തെ – സൗന്ദര്യപൂരത്തെ – എത്രകണ്ടു സമുജ്ജ്വലമായി പ്രകാശിപ്പിക്കുന്നുവെന്നു പറയേണ്ടതില്ലല്ലൊ. കേരളത്തിൻ്റെ ആത്മസൗന്ദര്യത്തെ സമഞ്ജസമായി ആവിഷ്കരിച്ചിട്ടുള്ള താദൃശകവിതകളാണു്, വള്ളത്തോളിനെ കേരളത്തിലെന്നല്ല ഭാരതത്തിലും വിദേശങ്ങളിൽപ്പോലും എണ്ണപ്പെടുന്ന ഒരു മഹാകവിയായി ഉയർത്തിയിട്ടുള്ളതും. കേരളീയത്വവും ഭാരതീയത്വവും അദ്ദേഹത്തിൽ സമനിലയിൽത്തന്നെ പ്രവർത്തിച്ചിരുന്നു. എങ്കിലും, ‘പശ്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്ത – വിശ്വൈകമഹാരത്ന’മായ മാതൃഭൂമിയോട് – കേരളത്തോട് – മഹാകവിക്കുള്ള കൂറൊന്നു വേറെതന്നെയായിരുന്നു.

ഭാരതമെന്ന പേർ കേട്ടാലഭിമാന –
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ, തിളയ്ക്കണം –
ചോര നമുക്കു ഞരമ്പുകളിൽ

ഇതായിരുന്നു കവിയുടെ ജീവിതാദർശം. ജനനിയും ജന്മഭൂമിയും ഏതു സമദൃഗ്ജ്യോതിസ്സിൽപ്പോലും വാചാമഗോചരങ്ങളായ ചില വികാരങ്ങളെ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുമെന്നുള്ളത് അനുഭവപരമായ ഒരു പരമാർത്ഥം മാത്രമാണു്.