ത്രിമൂർത്തികൾ-വള്ളത്തോൾ
സ്വന്തം നാടിനോടെന്നപോലെതന്നെ, സ്വന്തം ഭാഷയോടും മഹാകവിക്കുണ്ടായിരുന്ന മമതാബന്ധം അന്യാദൃശം തന്നെയായിരുന്നു.
സംസ്കൃതഭാഷതൻ സ്വാഭാവികൗജസ്സും
സാക്ഷാൽ തമിഴിൻ്റെ സൗന്ദര്യവും
ഒത്തുചേർന്നുള്ളോരു ഭാഷയാണെൻഭാഷ
മത്താടിക്കൊൾകഭിമാനമേ, നീ.
എന്നു സ്വയം ഉദ്ഗാനം ചെയ്യുന്ന മഹാകവിയുടെ മാതൃഭാഷാഭിമാനത്തിൻ്റെ മുമ്പിൽ ഏതൊരു ഭാഷാപ്രണയിയാണു് അഭിമാനപുളകിതനായി, മുകുളിതപാണിയായിത്തീരാതിരിക്കുക!
കാവ്യശൈലി: ചെറുശ്ശേരിക്കുശേഷം അത്രയും സംഗീതാത്മകമായ ഒരു കാവ്യശൈലി വള്ളത്തോളിനെപ്പോലെ അയത്നസിദ്ധമായി മറ്റാർക്കുംതന്നെ ലഭിച്ചിട്ടില്ല. ‘വള്ളത്തോൾ ശബ്ദസുന്ദരൻ’ എന്ന ചൊല്ലു പ്രസിദ്ധമാണല്ലൊ. ശബ്ദാർത്ഥസൗന്ദര്യം വള്ളത്തോൾക്കവിതയുടെ പ്രത്യേകതയാണു്. പദലാളിത്യവും രചനാസൗഷ്ഠവവുമാണ് മഹാകവിയുടെ കവിതയെ സർവ്വാകർഷകമാക്കിത്തീർത്തിട്ടുള്ളത്. ചമൽക്കാരപൂരിതമായ അർത്ഥാലങ്കാരരുചിയോടുകൂടി “ശയ്യാപാകാദിരാജൽസരസത കലർന്നു” മഹാകവിയുടെ സാഹിതിത്തയ്യലാൾ രംഗപ്രവേശം ചെയ്യുമ്പോൾ, “ലാവണ്യക്കടലിൽ കളങ്കമിയലാതുണ്ടായ വാർതിങ്കൾ” വന്നണഞ്ഞാലെന്നതുപോലെയുള്ള നിരതിശയമായ ഒരു നിർവൃതിയിൽ സഹൃദയലോകം ലയിച്ചുപോവുക സാധാരണമാണു്.
