ത്രിമൂർത്തികൾ-വള്ളത്തോൾ
ആദ്യകാലകൃതികൾ: മഹാകവിയുടെ ആരംഭഘട്ടത്തിലെ കൃതികളിൽ അധികഭാഗവും ഭഗവൽസ്തുതികളും രാജസ്തവങ്ങളുമായിരുന്നു. 1080-ൽ 26-ാമത്തെ വയസ്സിലാണു് അദ്ദേഹം വാല്മീകിരാമായണം വിവർത്തനം ചെയ്‌വാൻ തുടങ്ങിയതു്. 1082-ൽ അതു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മൂലത്തിൻ്റെ സൗന്ദര്യം ലേശവും കളയാതെ വിവർത്തനം ചെയ്തിട്ടുള്ളതും, 24000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്രസ്തുത കൃതി കൈരളിക്കെന്നും ഒരു കണ്ഠാഭരണം തന്നെയാണു്. സാങ്കേതിക പ്രസ്ഥാനത്തിലുള്ള ‘ചിത്രയോഗ’ത്തെപ്പറ്റി 14-ാം അദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. വിലാസലതിക വള്ളത്തോൾക്കവിതയുടെ മാറ്റും നിറവും തെളിച്ചു കാട്ടുന്ന ‘രസികരസായന’മാണു’. കവിയുടെ രസികതയെ വെളിപ്പെടത്തുന്ന ഒരു സംഭവം ഈയവസരത്തിൽ അനുസ്മരിച്ചേ മതിയാവൂ. ഒരിക്കൽ പെരുവനത്തുത്സവത്തിൽ പങ്കുകൊള്ളുവാൻ യുവകവിയായ വള്ളത്തോൾ കൂട്ടുകാരോടൊത്ത് എത്തിയിരുന്നു. അപ്പോൾ അവരിൽ ഒരു സരസൻ ‘പെരുവനത്തുപൂരത്തിനു വെടിക്കെട്ടില്ല; ആ ഒരു കുറവേ ഉള്ളു കാണാൻ വളരെ കൗതുകമുള്ള കാഴ്ചയാണു്” എന്നിങ്ങനെ അഭിപ്രായപ്പെട്ടു. ഉടനെ നമ്മുടെ യുവകവി,
സേവന്മാരോടു ഭംഗ്യാ പറവതു ‘വെടി’യാണ;സ്സൽ ‘മത്താപ്പി’നൊക്കും
മെയ് വർണ്ണത്തള്ളലോർത്താൽ; പടുചടുലകടാക്ഷങ്ങൾ ‘വാണ’ങ്ങളത്രേ;
‘പൂവ,ല്ലോ തൽപുതുപ്പുഞ്ചിരി; തരുണനിരയ്ക്കായതിൻ ‘കമ്പ’മൊട്ട-
ല്ലേവം മൈക്കണ്ണിമാരുള്ളിവിടെയൊരു വെടിക്കെട്ടു വേറിട്ടുവേണോ?
ഇങ്ങനെയൊരു ശ്ലോകം ചൊല്ലുകയും എല്ലാവരും ചേർന്നുള്ള കൂട്ടച്ചിരിയിൽ തൽ ക്ഷണം അവിടെ വെടിക്കെട്ടു തകർക്കുകയും ചെയ്തുവത്രെ.