പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

ഗദകബളിതമെൻ്റെ കർണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്ച്ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിൻ-
പദസരസീരുഹദാസനല്ലയോ ഞാൻ

എന്നു് ഉള്ളിൽത്തട്ടിപ്പുറപ്പെടുന്ന ആ പ്രാർത്ഥന ആരുടെ കണ്ണിലാണു് കണ്ണീരു നിറയ്ക്കാത്തതു്? ബാധിര്യംമൂലം തനിക്കു ലോകാനുഭവങ്ങൾ നഷ്ടപ്പെട്ടതിനെപ്പറ്റി കവി അനുഭവപരമായി അതിൽ വിലപിക്കുന്ന ഭാഗങ്ങൾ ആരെയും ശോകരസത്തിൽ അലിയിക്കുകതന്നെ ചെയ്യും.

ബധിരവിലാപത്തോടുകൂടിയാണു വള്ളത്തോളിനെ ഒരു റൊമാൻ്റിക് കവിയായി നാം കാണുന്നത്. വള്ളത്തോളിൻ്റെ കവിയശഃപ്രതിഷ്ഠ ഇക്കാലംമുതൽക്കുള്ള കൃതികളിലാണു നിലകൊള്ളുന്നതു്. ആശാനെപ്പോലെതന്നെ കാല്പനിക പ്രസ്ഥാനത്തിൽ ഉയർന്നു വിലസുവാൻ പിൽക്കാലത്തു വള്ളത്തോളിനും സാധിച്ചിട്ടുണ്ട്. പുരാണകഥകളെ ഇതിവൃത്തമാക്കി സ്വീകരിച്ചുകൊണ്ടാണു് മഹാകവി അധികം ഖണ്ഡകൃതികളും എഴുതിയിട്ടുള്ളതു്. വള്ളത്തോളിനു മുമ്പും പിമ്പും അനേകം കവികൾ പുരാണകഥകളെ അവലംബിച്ചു കാവ്യനിർമ്മാണം ചെയ്തിട്ടുണ്ട്. പക്ഷേ, വള്ളത്തോളിനെപ്പോലെ അവയെ മധുരതരമാക്കാൻ അധികംപേർക്കും കഴിഞ്ഞിട്ടില്ല. പുരാണകഥാപാത്രങ്ങൾ മഹാകവിയുടെ തൂലികയിൽക്കൂടി പ്രത്യക്ഷപ്പെടുമ്പോൾ സചേതനമായി നിത്യനൂതനമായി നമ്മുടെ മുമ്പിൽ പ്രകാശിക്കുകയായി. പുരാണകഥാപാത്രങ്ങളോടു സാത്മ്യം പ്രാപിച്ച കവി ആ അന്തരിക്ഷത്തിൽത്തന്നെ നിന്നുകൊണ്ട് കേരളീയ രുചിക്കൊത്തവണ്ണം സ്വഭാവനയിൽക്കൂടി അവയെ പ്രകാശിപ്പിക്കുവാൻ പ്രഗത്ഭനായിത്തീരുന്നതാണ് ഈ നൂതനത്വത്തിനും ചേതനത്വത്തിനും കാരണമായിട്ടുള്ളതു്. ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, മഗ്ദലനമറിയം, അച്ഛനും മകളും, ഗണപതി, ഒരു കത്തു് തുടങ്ങിയവയാണു് മഹാകവിയുടെ പ്രധാനമായ ഖണ്ഡകാവ്യങ്ങൾ. അവയിൽ ചിലതിനെപ്പറ്റി ദിങ്‌മാത്രമായി ഇവിടെ പ്രതിപാദിക്കാം.