ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
നാലപ്പാടൻ: ആശാൻ്റെ കാലത്തു് ഉദ്ഘാടനം ചെയ്യപ്പെട്ട ആധുനിക കവിതാമാർഗ്ഗത്തിൽക്കൂടി പ്രയാണം ചെയ്തു മുന്നേറിയവരും, അതിൽ സുപ്രതിഷ്ഠ നേടിയവരുമായ ഏതാനും കവികളെയാണ് ഇവിടെ അനുസ്മരിക്കുന്നതു്. ആ വിഭാഗത്തിൽ പ്രഥമഗണനീയനാണു് നാലപ്പാട്ടു നാരായണമേനോൻ. ഇദ്ദേഹം വള്ളത്തോളിൻ്റെ സന്തതസഹചാരിയായിരുന്നു ഏറെക്കാലം. കൃതികളുടെ എണ്ണം അധികമില്ലെങ്കിലും ഉള്ളതുകൊണ്ടുതന്നെ ഇദ്ദേഹം ഭാഷാകാവ്യലോകത്തിൽ സുപ്രതിഷ്ഠിതനായിത്തീർന്നിട്ടുണ്ട്.
കണ്ണുനീർത്തുള്ളി: നാലപ്പാടൻ്റെ കൃതികളിൽ ഏറ്റവും മുഖ്യമായതു് കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യമാണു്. സമവയസ്കരും സമീപസ്ഥരുമായിരുന്ന രണ്ടു കിടാങ്ങൾ ശൈശവം മുതൽക്കേ ഒരാത്മാവിനെപ്പോലെ വളർന്നുവന്നു.
ഒരേ കളിപ്പാട്ടമൊരേ കളിക്കൂത്തൊരേ കളിക്കൊട്ടിലൊരേ വികാരം,
ഒരാൾക്കു മറ്റാൾ തുണ―ഈ നിലയ്ക്കായിരുന്നു ഹാ! കൊച്ചുകിടാങ്ങൾ ഞങ്ങൾ.
അങ്ങനെയുള്ള ആ ജീവിതം അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്തു് ഒടുവിൽ വിവാഹത്തിൽ എത്തിച്ചേർന്നു. എന്നാൽ, ചിന്താശകലങ്ങൾ കണ്ണുനീരിൽപ്പിടിപ്പിച്ചു കോട്ടകെട്ടിയ ആ ജീവിതമാകട്ടെ, ഒരു നിമിഷത്തിനുള്ളിൽ തകരുകയും ചെയ്തു. ആദ്യത്തെ പ്രസവത്തോടുകൂടി സ്വപ്രേയസി അകാലചരമം പ്രാപിച്ചതായിരുന്നു ആ തകർച്ച, അതോടൊപ്പം കവിക്ക് അനുഭൂതമായ അസഹ്യദുഃഖം അകൃത്രിമമായി വെളിപ്പെടുത്തിയിരിക്കയാണ് പ്രസ്തുത കാവ്യത്തിൽ. സാധാരണ കാവ്യങ്ങളിൽ ഇതിവൃത്തസംബന്ധമായ വർണ്ണനത്തിനു കവികൾ പ്രത്യേകം ശ്രദ്ധയും താൽപര്യവും പ്രദർശിപ്പിക്കുന്ന ഒരു പതിവുണ്ട്. ഈ കാവ്യത്തിലാകട്ടെ, അങ്ങനെ ഒരു കഥാകഥനം തന്നെയില്ല. ‘വരിഷ്ഠപത്നീപ്രണയപ്രഭാവം’ അനുസ്മരിച്ചപ്പോൾ കവിയുടെ ഹൃദയസാഗരത്തിൻ്റെ അഗാധതയിൽനിന്നു് ഉദിച്ചുയർന്നുവന്ന വികാരവിചാരങ്ങളുടെ വീചീപരമ്പരകളാണു്― ഹൃദയത്തിൻ്റെ അഗാധതയിൽനിന്നുയർന്നു വന്ന ശോകസ്ഥായിയായ സംഗീതമാണു് ― ഇതിലുള്ളത്.