ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
പള്ളത്തുരാമൻ: കുമാരനാശാൻ്റെ അനുകർത്താവെന്ന നിലയിൽ സ്വസമുദായത്തിൻ്റെ ഉന്നമനത്തിനായി തീവ്രയത്നം ചെയ്തുകൊണ്ടിരുന്ന ഒരു കവിശ്രേഷ്ഠനാണു്. തൃശ്ശൂർസ്വദേശിയായ പള്ളത്തു രാമൻ. കവിയുടെ ആദ്യകാലകൃതികളിൽ അധികവും പ്രകൃതിവിലാസത്തെയാണു് ഉദ്ഗാനംചെയ്യുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ ഉദ്ബോധനത്തിനുതകുന്ന സാമൂഹ്യ വിഷയകമായ കൃതികളാണ് പിൽക്കാലത്തു് അദ്ദേഹം എഴുതിയിട്ടുള്ളവയിൽ അധികഭാഗവും. രചനാഭംഗികൊണ്ടും ഭാവനാഗതികൊണ്ടും ആരെയും ആകർഷിക്കുന്നവയാണു പള്ളത്തിൻ്റെ കൃതികൾ:
നീലിമകോലും മേഘമാർഗ്ഗത്തിൽ നീളെ വീചി-
മാലിതന്മാറിൽക്കളിച്ചീടുമോടികൾപോലെ
നിറവെൺകതിർനിരവീശവേ, പാടിപ്പാടി-
ചിറകിട്ടടിച്ചെങ്ങും. പറക്കും പക്ഷിവൃന്ദം
സ്വാതന്ത്ര്യം ശ്വസിപ്പിനെന്നീശശാസനമല്ലീ-
സ്വാന്തനിർവൃതിയോടും ചെയ്യുമീ വിളംബരം? (ഈ ലോകം വിലോഭനം)
കവിയുടെ ഭാവനാചാതുരിയും ഉല്ലേഖവൈചിത്ര്യവും ഇതിൽ നല്ലപോലെ പരിലസിക്കുന്നുണ്ട്. ‘സുകുമാരസൃഷ്ടി’ പള്ളത്തിൻ്റെ പ്രകൃതിവർണ്ണനയുടെ മാറ്റുരച്ചുകാണിക്കുന്ന ഒരു കവിതയാണ്. ‘പൊള്ളും സഹാറയിൽ പൂഞ്ചോല’ യുവജനങ്ങളെ ഉദ്‌ബുദ്ധരാക്കാൻപോരുന്ന ഒരു കവിതതന്നെ.