ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
വി. കെ. ജോസഫ്‌മപ്പിള: മലയാളസാഹിത്യത്തറവാട്ടിലെ പക്വത തികഞ്ഞ ഒരു കവീന്ദ്രനത്രെ ഉദയംപേരൂർ സ്വദേശിയായ ജോസഫ് മാപ്പിള. കേരളവർമ്മ പ്രഭൃതികളുടെ നേതൃത്വത്തിൽ ഒരു കാലത്തു കൈരളീരംഗത്തു നടന്ന സാഹിത്യസമരത്തിൽ സജീവമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. അക്കാലത്തെ മനോരമ, മലയാളി, കേരളമിത്രം, നസ്രാണിദീപിക മുതലായ പത്രഗ്രന്ഥങ്ങളിൽ വി. കെ.യുടെ കവിതാവിലാസം മുടങ്ങാതെ പ്രത്യക്ഷപ്പെട്ടിരുന്നു. യൂദുകുലജീവിക, അത്ഭുതപ്രസവം, വേദമണിഗാഥ, സാറാമ്മ, സംഗീത ജപമാല മുതലായ കൃതികൾ അദ്ദേഹത്തിൻ്റെ തൂലികയിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുള്ളവയാണ്. രാജസ്തുതിപരമായ ഒരു ഒറ്റശ്ലോകം മാത്രം ഇവിടെ ഉദ്ധരിച്ചുകെള്ളുന്നു:
ധർമ്മത്താൽ കോട്ടകെട്ടി,സുലളിതദയയാൽ കൊത്തളം കുത്തി, യസ്സൽ-
ക്കർമ്മത്താൽ ഗോപുരം തീർത്ത, പരിമിതയശസ്സാൽ കൊടിക്കൂറ നാട്ടി,
ശർമ്മത്താൽ ഭൂഭരിച്ചുൽഗ്ഗതി ജനതതിയിൽ ചേർത്തു ഗൗരീകടക്കൺ-
നർമ്മത്താൽ രാമവർമ്മക്ഷിതിപതി വിജയിക്കേണമക്ഷീണമെന്നും *
* (ജോസഫ് മാപ്പിള തൃപ്പൂണിത്തുറ തെക്കുഭാഗത്തുള്ള കണിയാപ്പള്ളി ദേശത്തു വേമ്പനാട്ട് എന്ന കുടുംബത്തിൽ 1046-ാമാണ്ട് ജനിച്ചു. 1120 വൃശ്ചികം 11-ാം തീയതി നിര്യാതനായി.)