ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
വി. ഉണ്ണിക്കൃഷ്ണൻ നായർ: പഴയ തലമുറയിലെ ഒരു പ്രമുഖകവിയാണ് ഉണ്ണിക്കൃഷ്ണൻനായർ. ടാഗോർകൃതികളിൽനിന്നു ലഭിച്ച പ്രചോദനമാണു നായരുടെ ആദ്യകാലത്തെ കൃതികളിൽ പ്രായേണ കാണുന്നതു്. രവികിരണങ്ങൾ എന്ന പേരിൽ ടാഗോറിൻ്റെ ചില കവിതകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിൻ്റെ കവിതകളിൽ അധികമെണ്ണവും പുറത്തുവന്നിട്ടുള്ളതു് കവനകൗമുദി വഴിക്കാണെന്നു തോന്നുന്നു. അടുത്തകാലത്ത് അദ്ദേഹമെഴുതിയ ഒരു നല്ല ഖണ്ഡകാവ്യമാണു് ‘ലക്ഷ്മണവിഷാദം’. ഉണ്ണിക്കൃഷ്ണൻനായരുടെ കൃതികളിൽ മുഖ്യമായതും അതുതന്നെ.
കുശലവന്മാർ വാല്മീകിയോടൊന്നിച്ച് അശ്വമേധത്തിൽ പങ്കുകൊള്ളുവാൻ പോയ സമയം, ആശാൻ്റെ സീത ചിന്താവിഷ്ടയായിത്തീർന്നതുപോലെ, രാമൻ്റെ ആജ്ഞയ്ക്കുധീനനായി സീതാപരിത്യാഗത്തിനു രഥമൊരുക്കാൻ ലക്ഷ്മണൻ സുമന്ത്രനോടു പറയുമ്പോൾ ലക്ഷ്മണനിലുള്ള മനുഷ്യസഹജമായ വികാര വിചാരങ്ങൾ അദ്ദേഹത്തെ ദീനചേതനനും പരിശുഷ്ക്കമുഖനുമാക്കിത്തീർക്കുന്നു. ലക്ഷ്മണൻ്റെ ഉള്ളിൽ അപ്പോൾ പ്രകടമായി ഉയർന്ന വികാരതാരള്യവും വിചാര ധീരതയും ധർമ്മബോധവുമെല്ലാം കവി ദർശിച്ച് അവയെ മനോധർമ്മത്തോടുകൂടി സഹൃദയസമക്ഷം വെളിപ്പെടുത്തുകയാണ് പ്രസ്തുത കാവ്യത്തിൽ ചെയ്തിട്ടുള്ളതു്. ചിന്താവിഷ്ടയായ സീതയെ ഈ കൃതി പലപ്രകാരത്തിലും അനുകരിക്കുന്നുണ്ട്.