പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

‘പരപുച്ഛവുമഭ്യസൂയയും’ – എന്നു തുടങ്ങുന്ന പദ്യത്തിൽ സീത പൗരികളെ പഴിക്കുമ്പോൾ, ലക്ഷ്മണൻ,

നരരിൽ ബഹുഭൂരിഭാഗവും – തരവും തക്കവുമാശ്രയിപ്പവർ
പരഹിംസയുമീർഷ്യയും പരം – പരയായ് സ്വാർത്ഥവുമാചരിപ്പവർ

എന്ന അഭിപ്രായം തട്ടിമുളിക്കുന്നു. രാമൻ്റെ വിധിയെ ലക്ഷ്മണൻ എതിർക്കുന്നതു നോക്കുക:

തെരുതെണ്ടികൾ ചൊൽവതാദ-
രിച്ചരുളപ്പാടവിടന്നു നല്കിയാൽ
കരുതാനരുതാത്ത ദുഃസ്ഥിതി-
ക്കൊരു രംഗം വിരചിക്കയായ് വരും
വിപുലാശയരായിരിക്കണം-
വിപുലാധീശത നിർവ്വഹിക്കുവോർ;
സ്വപുരോഗതി മാത്രലക്ഷ്യമാം-
നിപുണമ്മന്യത ഗർഹണാസ്പദം.

ലക്ഷ്മണവിഷാദത്തിലെ വർണ്ണന പൊതുവെ സജീവവും സരസവുമായിട്ടുണ്ട്. കാലടിപ്പാടുകൾ, സത്യവതി, ദ്രൗപദി, കിടാവിളക്ക്, വനമാല, വനകുസുമം, രാജയോഗിനി തുടങ്ങിയവയാണ് മറ്റു കൃതികൾ.