പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പുത്തേഴത്തു രാമമേനോൻ: കേരളത്തിലെ സുപ്രസിദ്ധനായ ഒരു ഗദ്യകാരൻ, ഫലിതസാഹിത്യകാരൻ എന്നീ നിലകളിലാണു പുത്തേഴത്തിനെ ആധുനികർ അധികവും അറിയുന്നത്. അദ്ദേഹം ഒരു കാവ്യകൃത്തുകൂടിയാണെന്നുള്ള യാഥാർത്ഥ്യം ഇന്നത്തെ തലമുറയിൽപ്പെട്ട പലർക്കും അറിഞ്ഞുകൂടാ. 16-ാമത്തെ വയസ്സു മുതൽ 1083 – മുതൽ – ആറേഴുവർഷം അദ്ദേഹം ധാരാളം കവിതകളെഴുതിയിട്ടുണ്ട്. ഒരു കവി എന്ന നിലയിലാണു് സാഹിത്യലോകത്തിൽ അദ്ദേഹം ആദ്യം കടന്നുവന്നതുതന്നെ. കവനകൗമുദി, ആത്മപോഷിണി എന്നു തുടങ്ങിയ മാസികകളിൽ പുത്തേഴൻ അക്കാലത്തെഴുതിയ കവിതകൾ പലതും കാണാം. അത്തരം കവിതകളിൽ പത്തെണ്ണം ചേർത്തു് അദ്ദേഹം 1115-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കാവ്യസമാഹാരമാണ് ‘പരിത്യക്ത’. അതിലെ കവിതകൾ ഓരോന്നും വായിച്ചുനോക്കുന്ന ഒരു സഹൃദയനു്, ആ യുവകവി തുടർന്നു് ആ രംഗത്തു പ്രവർത്തിച്ചിരുന്നെങ്കിൽ പില്ക്കാലത്തു കേരളത്തിലെ ഒരു മഹാകവിയായിത്തീരുമായിരുന്നു എന്നു തോന്നാതിരിക്കുകയില്ല. അത്രകണ്ടു രചനാരമണീയവും, രസാത്മകത്വവും പ്രസ്തുത സമാഹാരത്തിലെ ഓരോ കൃതിയിലും കാണുന്നുണ്ടു്. ‘സന്യാസിവര്യൻ’ എന്നതാണു് ആദ്യത്തെ കവിത; ‘ഒരു വിരഹം’ അതിൽ അവസാനത്തേതും. ‘പനിനീർപുഷ്പം’ കുമാരനാശാൻ്റെ പ്രസിദ്ധമായ വീണപൂവിനു മുമ്പ് പുത്തേഴൻ എഴുതിയിട്ടുള്ള ഒരു രസികൻ കൃതിയാണു്.

പനിനീരിനിരിപ്പും രക്തവർണ്ണം
പനിനീരിൻ്റെ തണുപ്പും നല്ല ഗന്ധം,
വനിതാധരമോടി,യീവിധത്തിൽ
പനിനീർപ്പൂവു ജയിച്ചിടുന്നു പാരിൽ!

എന്നാരംഭിക്കുന്ന ആ ലഘുകാവ്യം ഉപസംഹരിക്കുന്നതു്,