പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

വരരുചി പെരുകീടും പുഷ്പമേ നിന്നെ വീട്ടി-
ട്ടരനൊടിയിടപോലും പാർക്കുവാനാർക്കുറയ്ക്കും?
പരമതു പരമാർത്ഥം തന്നെ, കോളേജിലെത്തി-
ത്തരമൊടു പല പാഠം നോക്കുവാൻ പോയ് വരട്ടെ

എന്നിങ്ങനെയാണു്, അന്നു് ഒരു കോളേജുവിദ്യാർത്ഥിയായിരുന്ന പുത്തേഴൻ എന്നുള്ളതും ഈയവസരത്തിൽ നാം സ്മരിക്കണം. ലതാംഗി, തങ്കത്തിൻ്റെ മാൻകുട്ടി, എറണാകുളത്തെ സൂര്യാസ്തമനം മുതലായവ രസാത്മകങ്ങൾ എന്നേ പറയേണ്ടൂ. കവി ചാലക്കുടിപ്പുഴയെ വർണ്ണിക്കുന്നിടത്തു്, അതിൽ നീന്തിക്കളിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്ന ഒരു പദ്യം നോക്കുക:

കാർകൊണ്ടൽക്കേശഭാരത്തൊടു മുഖകമലം മാത്രമാഹന്ത! കാണി-
ച്ചാകണ്ഠം മഗ്നരായിത്തരുണികളവിടെക്കേളിയാടുന്ന നേരം,
ശ്രീകൊണ്ടാടുന്ന ചെന്താമരകളിൽ മധുപശ്രേണിപോലേ മനോജ്ഞ
ശ്രീകൊണ്ടാടും യുവാക്കൾക്കുടയ തടമിഴിത്തെല്ലു ചെല്ലുന്ന കാണാം.

‘ഒരു വിരഹ’ത്തിലെ വിരഹസന്തപ്തൻ പറയുന്ന വാക്കുകൾ കേൾക്കുക:

അല്ലേ! കല്ല്യാണിമാരൊക്കെയുമനവരതം മൗലിയിൽച്ചേർക്കുമോമൽ-
ക്കല്ലേ! കല്ല്യാണദേ! താവകവിരഹമിതാദ്യത്തെയാണാകയാൽ മേ
ഇല്ലേതും ശക്തി,യിന്ദീവരദളമിഴി! ഞാൻ പെട്ടിടും പാടു ചൊല്ലാ-
വല്ലേ, കല്ല്യേ! നമുക്കേതൊരു ദിവസമിനിക്കാണുവാനാകുമാവോ!

ഇങ്ങനെ വശ്യവാക്കായ ഒരു കവിയുടെ രചനയിൽനിന്നു് ഉദ്ഗളിക്കുന്നവയാണിതിലെ മറ്റു കവിതകളും എന്നു മൊത്തത്തിൽ പറയുവാനേ തരമുള്ളൂ. പരിത്യക്തയ്ക്കുശേഷം പുത്തേഴൻ അങ്ങിങ്ങായി ചില കവിതകൾ എഴുതാതിരുന്നിട്ടില്ല. ശതാഭിഷേകത്തിലേക്കു കടന്നുകൊണ്ടിരിക്കുന്ന വാസനാസമ്പന്നനായ ആ വൃദ്ധയുവാവു് ‘കവനകൗതുകം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതാകാമിനിയുമായി സല്ലപിക്കുന്നതു നാം ഇന്നു കണ്ടുവരുന്ന കാഴ്ചയാണല്ലോ.