പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്: വെണ്മണിപ്രഭൃതികളുടെ പിൻഗാമികളായി ഗണിക്കാവുന്ന കവികളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരാളാണ് പരമേശ്വരക്കുറുപ്പു്. കവനകൗമുദി, ഭാഷാപോഷിണി, മാതൃഭൂമി മുതലായ മാസികകൾ വഴിക്കു് അനേകം കൃതികൾ കുറുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘സാഹിതീസന്താനം’ അവയിൽ ചിലതിൻ്റെ സമാഹാരമാണു്. മണിപ്രവാളത്തിൻ്റെ മനോഹാരിത കുറുപ്പിൻ്റെ കൃതികളിൽ പൊതുവെ കാണാവുന്ന ഒരു ​ഗുണമെത്രെ.

ശ്രീമന്നീലിമയാർന്ന, നിർമ്മലമണിശ്രേണീവിലാസത്തൊടൊ-
ത്തോമൽപ്പൂങ്കുളൂർകാന്തിപൂർത്തിപുലരും പൊന്താമരപ്പൊയ്കപോൽ
ഹാ! മഞ്ജുത്വവുമാ വിശാലതയുമാർന്നാരാൽ നിസർഗ്ഗപ്രഭാ
സ്തോമത്തിൻ വിലകാട്ടി ഹന്ത, വിലസീടുന്നു വിയത്തെപ്പൊഴും. (ഈശ്വരചൈതന്യം)

പ്രകൃതിനിരീക്ഷണം, കല്പനാശക്തി എന്നിവയിൽ കവിക്കുള്ള വൈദഗ്ദ്ധ്യവും ഇതിൽ വ്യക്തമാണല്ലൊ. ‘മാനാഞ്ചിറ’ എന്ന കവിതയിൽ കുറുപ്പിൻ്റെ വർണ്ണനാപാടവം നിസ്തുല്യമായി പ്രകാശിച്ചു കാണാം.

കെ.പി. ശാസ്ത്രികൾ: അനേകം നല്ല കവിതകൾകൊണ്ടു കൈരളിയെ അലങ്കരിച്ചിട്ടുള്ള ഒരു കവിവരേണ്യനാണു. വാരനാട്ടു കെ. പി. ശാസ്ത്രികൾ. ചിത്രാഭിഷേകം ചമ്പു, ചിത്തിരസ്മൃതി, വനലാവണ്യം, തിരുവാഭരണം, സാഹിത്യലഹരി തുടങ്ങി അനേകം കൃതികൾ എഴുതിയിട്ടുണ്ട്. ‘പ്രേമഭിക്ഷ’ അടുത്തകാലത്ത് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഏഴു ചെറുകാവ്യങ്ങളുടെ സമാഹാരമാണ്.

ഭോഗത്തിനൊത്ത വിഭവങ്ങളെയല്ലയേ, ഞാൻ
ത്യാഗം തെളിഞ്ഞ ഗുരുഭിക്ഷയെയാഗ്രഹിപ്പൂ

എന്ന ബുദ്ധഭിക്ഷുവിൻ്റെ മൊഴി, കാട്ടുപാതയിൽ കിടന്നിരുന്ന ഒരു പിച്ചക്കാരി കേട്ടെഴുന്നേറ്റ്, തനുവാകെയിലപ്പടർപ്പിൽ മറച്ചു് തന്നേകവസ്ത്രം ഉരിഞ്ഞു ഭിക്ഷുവിൻനേർക്കു് സാദരമെറിഞ്ഞുകൊടുക്കുന്ന ഒരു സംഭവമാണു പ്രേമഭിക്ഷയിൽ വർണ്ണിക്കുന്നതു്.