പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

‘കൂപ്പുകൈപ്പൂമ്പുഞ്ചിരി’ ഇതിലെ മറ്റെല്ലാ കവിതകളിലും ശ്രദ്ധേയമായി തോന്നുന്നു. മഹാത്മജിയുടെ ജീവചരിത്രത്തിലും, ഭാരതത്തിൻ്റെ സ്വാതന്ത്ര്യചരിത്രത്തിലും അവിസ്മരണീയമായ ഒരു സംഭവമാണു് അതിൽ വർണ്ണിക്കുന്നതു്. നിയമലംഘനത്തിനു ജവഹർലാലിനെ ആദ്യമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രസ്തുത സംഭവമറിഞ്ഞ മോത്തിലാൽ നെഹ്റു പലവിധ ചിന്തകൾക്കധീനനായി ഒടുവിൽ വൈസ്രോയിയെ ചെന്നു കണ്ട് തൻ്റെ ഓമനപ്പുത്രനെ മുക്തനാക്കുവാൻ തീരുമാനിക്കുന്നു. ഈ ഘട്ടത്തിലാണു് ‘ബാപ്പുജി മഹാത്മജി, ഗാന്ധിജി ജയ് ജയ്യെന്നൊ-രാർപ്പുകൊണ്ടന്തരീക്ഷം മുഖരീകൃതമായി’ത്തീർന്നതു്. ‘ബാപ്പുവോ’, മോത്തിലാൽജി സകലം ഹർമ്മ്യത്തിൻമേലാപ്പിൽനിന്നു നോക്കും മുമ്പു പിന്നിലെത്തിക്കഴിഞ്ഞു.

വന്ദനം മോത്തിലാൽജി, കമലേ, വിശക്കുന്നു
വല്ലതും തരു വേഗം, ബാപ്പുവിന്നുണ്ടില്ലല്ലോ!
പിന്തിരിഞ്ഞവർ കണ്ടൊരത്ഭുതം തൂനിർവൃതി
ചിന്തിവാർന്നെഴുമൊരു കൂപ്പുകൈപ്പൂംപുഞ്ചിരി!

മോത്തിലാൽ, കുറ്റാകുറ്റിരുട്ടത്തു പൂർണ്ണചന്ദ്രനെ കണ്ടപോലെ, ആ കാഴ്ച കണ്ട് സ്തബ്ദനായല്പം നിന്നു. ഉൾവെളിച്ചത്താൽ ഉൾക്ഷോഭം നീങ്ങി പൂർണ്ണലബ്ധകാമനായിത്തീർന്നു.