ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ബാപ്പുവിൻ കരാഞ്ജലി പാണിരണ്ടാലുമേന്തി
മാപ്പുചോദിക്കും പോലെ കൺകളിൽ ചേർക്കുകയും
ഗാന്ധി മോത്തിലാൽജിമാർ ആഞ്ഞുപുല്കുകയും ചെയ്തു. അനന്തരം ബാപ്പുജി വീണ്ടും പറയുകയായി:
ഭാവുകം മോത്തിലാൽജി ധന്യനായ് ഭവാൻ ലോക-
ഭാവിയങ്ങയെ നോക്കി കൂപ്പുകൈയർപ്പിക്കുന്നൂ
ആപതിച്ചിരുന്നൊരിപ്പാരിൻ്റെ ഭാവിക്കാശാ-
ദീപത്തെസ്സംഭാവനം ചെയ്തതു ഭവാനല്ലോ.
ഭാരതത്തിനെന്നല്ലീ പൗരസ്ത്യോർവിക്കെന്നല്ല,
പാരിൻ്റെ പരപ്പാർന്ന പഞ്ച വൻകരകൾക്കും
ശാന്തിയാം നിലാവൊളി വീശുവാൻ വളരുന്ന
പൂന്തിങ്കൾക്കിടാവാണീ നമ്മുടെ ജവഹർലാൽ
കാറണിത്തുറുങ്കിലുൾപ്പുകിയാലതിൻ കറ-
കേറുമോ? മുന്നേതിലും തെളിഞ്ഞുവരുമല്ലോ!
അമ്മതിക്കാഭയേറാൻ ചുറ്റിനും താരങ്ങൾപോൽ
നമ്മളും തുറുങ്കിൽപ്പോയ് തൻതപം ചെയ്തേ പറ്റൂ.
ഗാന്ധിജിയുടെ സമയോചിതമായ ഈ സാന്ത്വനവും ഉൽബോധനവും മോത്തി ലാൽജിയെ മറ്റൊരാളായി മാറ്റി. ഈ സംഭവം കഴിഞ്ഞിട്ട് അധികദിവസം ചെന്നില്ല. മോത്തിലാൽജിയെ കുടുംബാംഗങ്ങളോടുകൂടി സ്വാതന്ത്ര്യസമരത്തിൻ മുന്നിലും കൽത്തുറുങ്കിലും കാണുമാറായി. സ്വാതന്ത്ര്യസമരത്തിലെ പുളകോൽഗമമായ ഒരു രംഗമാണു് കവി ഇവിടെ ചിത്രീകരിച്ചിട്ടുള്ളതെന്നു പറയേണ്ടതില്ലോ. ശാസ്ത്രികൾ 57-ാ മത്തെ വയസ്സിൽ 1958 ഡിസംബർ 2-ാം തീയതി നിര്യാതനായി.