പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പുത്തൻകാവ് മാത്തൻ തരകൻ: വാസനാസമ്പന്നനായ ഒരു സരസകവിയാണ് മാത്തൻ തരകൻ. മനോമോഹനമായ ഭാഷ, ഹൃദയംഗമമായ പ്രതിപാദനം എന്നിവ തരകൻ്റെ കൃതികളുടെ ചില സവിശേഷതകളാണു്. ‘ക്രോധാക്രാന്തനായ ഹേറോദാവി’ൻ്റെ കല്പനയനുസരിച്ചു ശിശുവധത്തിനു മുതിരുന്ന രാജഭടന്മാരോട്:

ഭുവനനിഖിലനാഥനേ നിനച്ചി-
ട്ടവനെ വധിച്ചിടുവാൻ മുതിർന്നിടൊല്ലേ
നൃവരതിലകദാസരായ നിങ്ങൾ-
ക്കവനിയിലോമനമക്കളാരുമില്ലേ?

എന്നിങ്ങനെ മാതാക്കൾ ചെയ്യുന്ന അഭ്യർത്ഥന ഹൃദയാവർജ്ജകമെന്നേ പറയാവൂ. ‘പുൽക്കൂട്ടിലെ രാജകുമാരൻ’ എന്ന കവിതയിലെ വർണ്ണന കവിയുടെ ഭവനാശക്തിയെ വേണ്ടുവോളം വെളിപ്പെടുത്തുന്ന ഒന്നത്രെ. വിശ്വദീപം മഹാകാവ്യത്തെപ്പറ്റി അന്യത്ര വിവരിച്ചിട്ടുണ്ട്. ‘ബാഷ്പധാര’ ഒരു വിലാപകാവ്യമാണ്. കവിയുടെ കനിഷ്ഠസഹോദരൻ്റെ അകാലചരമത്തിൽ കവിക്കുണ്ടായ ദുഃഖമാണ് അതിലെ പ്രമേയം. നമ്മുടെ വിലാപകാവ്യങ്ങളിൽ എണ്ണപ്പെട്ട ഒരു കൃതിയായി ബാഷ്പധാരയേയും പരിഗണിക്കാം.

കാവ്യസങ്കീർത്തനം: ബൈബിളിൽ പഴയനിയമത്തിലെ ഒരു പ്രധാന ഘടകമാണ് സങ്കീർത്തനങ്ങൾ. ഇസ്രായേൽ ചരിത്രത്തിൻ്റെ പല ഘട്ടങ്ങളെ പുരസ്ക്കരിച്ചു ദാവീദുരാജാവ്, ശലമോൻ തുടങ്ങിയ വിചാരശീലന്മാർ ഓരോ കാലത്തായി വിവരിച്ചിട്ടുള്ളതും സഞ്ചയിച്ചിട്ടുള്ളതുമായ ഒരുതരം ഭാവഗീതങ്ങളാണു സങ്കീർത്തനങ്ങൾ. ഹീബ്രു ഭാഷയിൽ എഴുതിയിട്ടുള്ള പ്രസ്തുത കൃതി ലോകത്തിലെ സമസ്ത ഭാഷകളിലും പകർന്നിട്ടുണ്ട്. അതിപ്പോൾ മലയാളഭാഷയിലേക്കു പകർന്നിട്ടുള്ളതു് വിശ്വദീപത്തിൻ്റെ കർത്താവായ മാത്തൻ തരകനാണ്. 150 സങ്കീർത്തനങ്ങൾ ഗാനയോഗ്യമായ വിവിധ ദ്രാവിഡവൃത്തങ്ങളിൽ തരകൻ നിബന്ധിച്ചിരിക്കുന്നു. മലയാള കവിതയിലെ ഭാവഗീതങ്ങളിൽ ഒരു മുതൽക്കൂട്ടുതന്നെയാണ് മാത്തൻ തരകൻ്റെ കാവ്യസങ്കീർത്തനം.