ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
തൈയ്ക്കാട്ടു ചന്ദ്രശേഖരൻനായർ: സംസ്കൃതദ്രാവിഡവൃത്തങ്ങളിൽ അനായാസമായി നാനാമുഖമായ വിഷയങ്ങളെ അധികരിച്ച് ഒട്ടുവളരെ കവിതകൾ രചിച്ച് സഹൃദയരെ സമ്മോദിപ്പിച്ചിട്ടുള്ള ഒരു പ്രൗഢ സരസകവിയാണ് ചന്ദ്രശേഖരൻനായർ. തൻ്റെ കഴിവും കഴിവുകേടുകളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണു് അദ്ദേഹം കാവ്യരംഗത്തിറങ്ങിയിട്ടുള്ളതു്.
കുറവുകളെഴുമെങ്കിലും നിനക്കെൻ
ചെറുകവിതേ! മതി, താങ്ങൽ നിന്നിളങ്കാൽ,
പെരിയവരരുളുന്ന പാഴ്സ്തുതിപ്പും-
ചിറകിലിരുന്നു പറന്നിടേണ്ട തെല്ലും.
ഇത്രയും ആത്മവിശ്വാസം ഒരു കവിക്കുണ്ടായാൽ വിമർശകരുടെ സ്തുതിനിന്ദകൾ കൊണ്ട് അയാൾ ഞെളിയുകയോ ചുളിയുകയോ ഇല്ലെന്നുള്ളതു തീർച്ചതന്നെ. വിമർശന ഭീരുക്കളായ നമ്മുടെ ചില കവികൾ ചന്ദ്രശേഖരൻനായരുടെ മേല്പറഞ്ഞ സന്ദേശതത്ത്വം ധരിച്ചിരിക്കുന്നതു കൊള്ളാം.