ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
മതിമോഹനസൂനമായി നീ
മുതിരുമ്പോൾ മുനിമാനസത്തെയും
അതിനിഷ്കരുണം മഥിക്കുവാൻ
രതികാന്തന്നൊരു ബാണമായ് വരും
എന്നു പൂമൊട്ടിനോടു കവി പറയുന്നിടത്തെ വ്യംഗ്യഭംഗി അതിരുചിരമെന്നേ പറയാവൂ.
ബാലവിഹഗങ്ങൾ പാടിപ്പറക്കുമി – ക്കാലത്തു കണ്ണുമടച്ചു നിങ്ങൾ
സ്വാതന്ത്ര്യസ്വപ്നങ്ങൾ കണ്ടുകൊണ്ടാഹത – ചേതനയാർന്നു ശയിച്ചാൽപ്പോരാ
പൊള്ളും സഹാറയിൽ പൂഞ്ചോല കണ്ടിടാം – മുള്ളുകൾക്കുള്ളിൽ മലർക്കുടയും
നീളെച്ചരിക്കുവിൻ നീലന്ത്രനീരദം – നാളെപ്പൊഴിക്കും പനിനീർവർഷം.
ഈദൃശഭാഗങ്ങൾ എത്രകണ്ടു മനോഹരവും ഉന്മേഷദായകവുമാണെന്നു പറയേണ്ടതില്ലല്ലോ.
“പുല്ലും വഴിവഴങ്ങാത്ത പുലയനും – തെല്ലു തലപൊക്കിനോക്കു”ന്നതിനുള്ള സ്വാതന്ത്ര്യം ഇന്നു ലഭിച്ചത്, അറ്റ്ലാൻ്റിക് സമുദ്രംവഴി കടന്നുവന്ന പടിഞ്ഞാറൻകാറ്റു മൂലമാണെന്നു കവി ദൃഢമായി വിശ്വസിക്കുന്നു. ആ പാശ്ചാത്യമാരുതപ്രവാഹത്തിൽ മുഴങ്ങുന്ന സ്വാതന്ത്ര്യശംഖൊലിതന്നെയാണു് ഈ പ്രബുദ്ധതയ്ക്കു ഹേതുവായിത്തീർന്നതെന്ന വസ്തുത സ്വകൃതികളിലൂടെ കവി ഉച്ചൈസ്തരം ഉദ്ഘോഷിക്കയും ചെയ്യുന്നു.