ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
‘രാഗധ്വനി’ ആ പേരിനെ അന്വർത്ഥമാക്കുന്ന ഇരുപതു ലഘുകവനങ്ങളുടെ സമാഹാരമാണു്. ശബ്ദഭംഗിയും അർത്ഥചാരുതയും പലതിലും നല്ലപോലെ വിളങ്ങുന്നു. ‘പുഷ്പഹാര’ത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ നോക്കുക:
മർത്ത്യനും നിലയിതാണു മോഹനേ! വ്യർത്ഥമാക്കരുതു കാണിനേരവും;
ഓർത്തിടാത്ത പലതും ഭവിപ്പു, നാം – പാർത്തുപാർത്തു ദിവസങ്ങളെണ്ണവേ
കോമളം സുമസമാനമായ നിൻ – കാമരങ്ഗതനുകാന്തി മാറിടാം;
തൂമയറ്റു തുണയാരുമെന്നിയേ – നാമയേ, സമയ’ശിക്ഷ’യേറ്റിടാം.
‘തിരുമുൽക്കാഴ്ച’യിൽനിന്നു് ഒരു പദ്യംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ:
ഹേ, ശോഭനേ! തവ നതിപ്രണയാംശുവിങ്ക-
ലുൾപ്പൂ വിടിർന്നുതിരുമാത്മപരാഗമെന്ന്യേ
ഇപ്പോൾ ദരിദ്രതയിലാണ്ടുഴലുന്നെനിക്കു-
നിൻപാദസീമ്നി നഹി കാഴ്ച കൊടുത്തയയ്ക്കാൻ.
കനകവീണ, പൈങ്കിളി, വിനീതവിഭവം, പൂക്കടമ്പ് ഇവയാണു് കവിയുടെ മറ്റു കൃതികൾ.