പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പന്തളം കെ. പി. രാമൻപിള്ള: സാമൂഹ്യജീവിതത്തിൽ കാണുന്ന പന്തികേടുകളുടെ നേരെ സമരമനോഭാവം പ്രദർശിപ്പിക്കുന്ന ചില കവികളുണ്ടു്. അത്തരം കവികളിൽ ഒരാളാണു് പന്തളം കെ. പി. രാമൻപിള്ള. വാസനയും നിപുണതയും അദ്ദേഹത്തിൻ്റെ കവിതകളിൽ ഉടനീളം വിലസുന്നു. ഈ കവി ഇപ്പോൾ കവിതാരംഗത്തു നിന്നു് അല്പം മാറി, മറ്റു ചില സാഹിത്യരംഗങ്ങളിലാണ് കൂടുതൽ വിഹരിച്ചുകാണുന്നത്. കവിതയുടെ മാതൃക കാണിക്കുവാൻ ‘ജയഭാരതം’ എന്ന കൃതിയിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം. മാതൃഭൂമിയായ ഭാരതത്തെ വാഴ്ത്തുകയാണ് കവി:

ജയ ജയ പാവനഭാരതമാതേ!
ജയ ജയ സകല സുരാശ്രയഭൂവേ!
നിഖിലമഹാകവികോകിലകൂജിത
കോമളഗീതകപൂജിതപാദേ!

മുഹുരപി മുഹുരപി ജയജയ മങ്ഗള-
മുഖരിത തുംഗതരംഗപരീതേ!
ഘനപഥലംഘനനിരതമഹോന്നത
മഹിതഹിമാലയ ഗിരിവരസേവ്യേ!
കളകളഗംഗാവീചീസേചന-
ഫല ഫല തരുകുല സങ്കലഭൂവേ!
ജയജയ മാമക ഭാരതമാതേ
വിജിതസുരാലയ വിഭവസമേതേ!

ഇതുപോലെ ഉജ്ജ്വലവും ചേതോഹരവുമായ ഒരു മാതൃഭൂവന്ദനം മലയാളത്തിൽ മറ്റൊന്നു് എടുത്തുകാണിക്കുവാനില്ല. ബോധേശ്വരൻ്റെ കേരളഗാനം മനോഹരമാണു. പക്ഷേ, വികാരങ്ങൾ പടിപടിയായി ഉയരുമ്പോൾ ഉണ്ടാകുന്ന മനസ്സിൻ്റെ ഊർജ്ജസ്വലത ഇത്രയൊന്നും അതിനില്ല. വള്ളത്തോളിൻ്റെ മാതൃവന്ദനം വിചാരരമണീയമാണു്; ശബ്ദസുന്ദരവുമാണു്. എന്നാൽ അതിനുമില്ലാ ഇത്രയും ഊർജ്ജസ്വലത. കവിയിൽ നിലകൊള്ളുന്നതായി മുമ്പറഞ്ഞ ആ സമര മനോഭാവമാണു്, ഇങ്ങനെ ഊർജ്ജിതരണപടഹമടിക്കുവാൻ അദ്ദേഹത്തെ കഴിവുറ്റവനാക്കിയിട്ടുള്ളതെന്നു തോന്നുന്നു.