പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

ഏ. ഡാനിയൽ കണിയാങ്കട: വലിയ പ്രശസ്തിയൊന്നുമില്ലാതെ കഴിഞ്ഞുകൂടുന്ന ഒരു സൽക്കവിയാണു് ഡാനിയൽ കണിയാങ്കട. പണ്ഡിതപരിഷത്തിലെ പരമാദ്ധ്യക്ഷൻ ‘ശ്രീമേരീസ്തവം’, ‘സംഗീതമണിമാലിക’ മുതലായി പല കൃതികളും രചിച്ചിട്ടുണ്ട്. ക്രിസ്തു, ബാലനായിരുന്നപ്പോൾ യഹൂദപണ്ഡിതന്മാരുമായി നടത്തിയ സംവാദമാണ് ആദ്യത്തേതിലെ പ്രമേയം. കവിയുടെ കഴിവുകൾ അതിൽ ആപാദചൂഡം പരിലസിക്കുന്നു. മേരീസ്തവത്തിലെ ഓരോ പദ്യവും, നിസർഗ്ഗസുന്ദരവും ലളിതപദാകലിതവുമായ കാവ്യവാണിയാൽ പുളകജനകമെന്നേ പറയാവൂ. ഒരു പദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം:

പൈതങ്ങൾ വല്ല പിഴയും ഭുവി ചെയ്തുപോയാ-
ലേതമ്മയാണതിനു മാപ്പു കൊടുത്തിടാത്തൂ?
ചേതസ്സലിഞ്ഞു പിഴചെയ്തവ, നീ പൊറുത്തെ-
ന്നാതങ്കമാകെയകലത്തു തുരത്തുകംബേ.