പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

സി. ഐ. ഗോപാലപിള്ള : സംഗീതക്കാതലും സരസകവിയുമായി വർത്തിക്കുന്ന ഒരു സഹൃദയനാണ് സി. ഐ. ഗോപാലപിള്ള. അദ്ദേഹത്തിൻ്റെ സാഹിത്യ പ്രസംഗമോ കവിതാപാരായണമോ കേൾക്കുവാൻ ഇടയായിട്ടുള്ളവർ കവിതയ്ക്കു ശബ്ദഭംഗി കൂടിയേ കഴിയൂ എന്നു തലകലുക്കി സമ്മതിക്കാതിരിക്കുകയില്ല. ശബ്ദസൗന്ദര്യത്തിൽ മാത്രമേ കവി ദൃഷ്ടിവയ്ക്കാറുള്ളൂ എന്നു് ഇതുകൊണ്ടർത്ഥമാക്കരുതു്. ശബ്ദാർത്ഥ‌ങ്ങൾ രണ്ടിലും ഒന്നുപോലെ ദത്താവധാനനാണ് അദ്ദേഹം. പ്രേമസുഷമ, പൂങ്കാവനം തുടങ്ങിയ കൃതികൾ അതിനു തെളിവുകളാണു്. തിരുവനന്തപുരം ആർട്ട്സ് കോളേജ്‌ ദിനാഘോഷത്തിൽ ആദ്ധ്യക്ഷ്യംവഹിച്ച സർ സി. പി. രാമസ്വാമി അയ്യരെ സ്വാഗതം ചെയ്യുന്ന ഒരു കവിതാഭാഗം നോക്കുക:

വത്സരംതോറും ഞങ്ങളാഘോഷിക്കുമീ വാസ-
രോത്സവങ്ങളിലഗ്രപീഠാരോഹണം ചെയ്യുവാൻ
രാജപുംഗവ രമാത്യന്മാർ, പ്രാഡ്വിപാകന്മാ-
രോജസ്സ് കൂടും ഹൂണപ്രവരന്മാരും വന്നാർ

ഏഴാമതിപ്പോളസാമാന്യവൈഭവത്തോടി-
ബ്ഭാസുരഭദ്രാസനമേറി വാണീടും ഭവാൻ
പാവനസഭാനാഥസപ്തകംതന്നിലേറ്റം
ഭാസിപ്പൂ ശൈലങ്ങളിൽ കാഞ്ചനശൃംഗംപോലെ.