ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
വെമ്പ്ളിയസ്സ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്: പഴയരീതിയിൽ അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുള്ള ഒരു സുപ്രസിദ്ധ കവിയാണു ലക്ഷ്മണൻ നമ്പൂതിരിപ്പാട്. സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ കവിക്കു് ഒന്നുപോലെ സ്വാധീനമാണു്. വീരവീരൻ, പ്രണയപ്രഭാവം, തുളസീവിജയം തുടങ്ങിയ കൃതികൾ ഈ വസ്തുതയെ വിളിച്ചുപറയുന്നു. ‘തുളസീവിജയ’ത്തിൽ ഉൽപതിഷ്ണുത്വപരമായ പല ആശയങ്ങളും കവി പ്രകാശിപ്പിക്കുന്നുണ്ട്. അക്ബറുടെ ഭരണകാലത്തു നടന്ന ഒരു സംഭവത്തെ ഉപജീവിച്ചെഴുതിയിട്ടുള്ള ഒരു ഖണ്ഡകാവ്യമാണത്.
ഏവരും കാലോചിതം പെരുമാറണെ;മന്നേ
കൈവരൂ സമുൽക്കർഷസമാധാനങ്ങൾ നൂനം.
കവിയുടെ ഉല്പതിഷ്ണുത്വം ഇവിടെ വ്യക്തമാണല്ലോ. ജീവിതധർമ്മത്തെപ്പറ്റി കവി പാടുന്നതു കേൾക്കുക:
സാധുപുരോഗതിക്കു കേ – ടേതുമേശീടാതെ
സത്യമായ് ജ്ജീവിക്കും മുറ – യാണു സാക്ഷാൽദ്ധർമ്മം.
കവിയുടെ ‘പത്മിനീരാജഹംസം’ മഹാകാവ്യത്തെപ്പറ്റി അന്യത്ര വിവരിച്ചിട്ടുണ്ട്.