ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ടി. ആർ. നായർ: കാവ്യരംഗത്തു ദീർഘകാലമായി – ഏകദേശം മൂന്നു വ്യാഴവട്ടത്തിനുമേലായി – വിഹരിച്ചുകൊണ്ടിരിക്കുന്ന ഒരു കവിവര്യനാണു് തൃശ്ശിവപേരൂർ സ്വദേശിയായ ടി. ആർ. നായർ. പരിചയസമ്പത്തും പരിശ്രമശീലവും ഒത്തിണങ്ങിയ ഈ കവിയിൽനിന്നു വിവർത്തനങ്ങളും സ്വതന്ത്രങ്ങളുമായി ഒട്ടേറെ കൃതികൾ കൈരളിക്കു ലഭിച്ചിട്ടുണ്ട്. രഘുവംശം, മേഘസന്ദേശം, ഗംഗാലഹരി, ക്രിസ്ത്വനുകരണം മുതലായവ വിവർത്തനങ്ങളിൽപ്പെടുന്നു. സ്വതന്ത്രകൃതികളിൽ മുഖ്യമായ ഒന്നാണു് ‘സലോമി അഥവാ രക്തനർത്തകി’. ക്രിസ്തുവിനെ ജ്ഞാനസ്നാനം ചെയ്യിച്ച സ്നാപകയോഹന്നാൻ്റെ ചരിത്രമാണതു്. ഹേറോദിയ എന്നു പേരായ സഹോദരഭാര്യയെ സ്വാധീനപ്പെടുത്തിയ രാജാവു്, അവളെ തൃപ്തിപ്പെടുത്താൻ യോഹന്നാനെ തടവിലാക്കുന്നതും, ഹേറോദ്യയുടെ പുത്രിയായ സലോമിയുടെ നടനഗീതങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം, അവളുടെ ആവശ്യപ്രകാരം യോഹന്നാൻ്റെ ശിരച്ഛേദം ചെയ്യിക്കുന്നതുമാണു് പ്രസ്തുത കാവ്യത്തിലെ ഇതിവൃത്തം. കവിയുടെ ഭാവനാവിലാസവും വർണ്ണനാചാതുരിയും ആപാദചൂഡം ഇതിൽ കളിയാടുന്നുണ്ട്. കാവ്യാരംഭംതന്നെ,
പൊൻതാലം പൊക്കിയെടുത്തു പൂർവ്വാചലം
വന്തമസ്സിൻ്റെ തുറുങ്കിൽനിന്നും