ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ഇങ്ങനെ പ്രഭാതപ്രകൃതിയെ വർണ്ണിച്ചുകൊണ്ടാണു്. ഈ വർണ്ണനയിൽ കാവ്യത്തിലെ പ്രധാനമായ കഥാംശത്തെക്കൂടി കവി സൂചിപ്പിക്കുന്നുണ്ട്. നൃത്തത്തിനായി രംഗത്തെത്തുന്ന സലോമിയെ ചിത്രീകരിക്കുന്ന ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കാം:
മഞ്ജീരശിഞ്ജിതരഞ്ജിതലോകയായ്
മഞ്ജുള പുഞ്ചിരി തഞ്ചി,ത്തഞ്ചി
കോമളകഞ്ചുകംകൊണ്ടു മാറത്തു പൊൻ-
താമരമൊട്ടുകൾ മൂടി,മൂടി
കുങ്കുമച്ചെങ്കുഴമ്പോലുന്ന വാർതങ്ക-
പൂങ്കവിളിന്നൊളി കൂടി,ക്കൂടി
ആകുലിതാകുഞ്ചിതാളകമൊത്തണി-
ക്കാർകുല വാർകുഴൽ ചിന്നിച്ചിന്നി
കാണാൻ കൊതിക്കും മയ്ക്കണ്ണിൻമുനക്കൂമ്പു
നാണംകുണുങ്ങിയുമോങ്ങിയോങ്ങി
ചെമ്പഞ്ഞിച്ചാറണിച്ചേവടിപ്പൂവിന്മേൽ
ചുംബിച്ച ചെമ്പട്ടിഴഞ്ഞിഴഞ്ഞു
തോളണിപ്പട്ടൂർന്നു വീഴവെ, കാൽത്തളിർ
താളത്തിൽത്താളത്തിലൂന്നിയൂന്നി
ഇങ്ങനെ ആ ചിത്രം മുന്നോട്ടുനീങ്ങുന്നു. ഈ ഭാഗങ്ങളിൽ കവി ഉള്ളൂരിനെ മാതൃകയായി സ്വീകരിച്ചിരിക്കയാണെന്നു തോന്നുന്നു. മറ്റു കൃതികൾ: ഗുരുവിലാസം, പ്രേമാംഗുലീയം, സ്നേഹസംഗീതം എന്നിവയാണു്.