ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ഇ. വി. രാമൻനമ്പൂതിരി: ഗദ്യപദ്യങ്ങളായ ഒട്ടേറെ ഉത്തമഗ്രന്ഥങ്ങളുടെ കർത്താവാണ് പണ്ഡിതർ ഇ. വി. രാമൻനമ്പൂതിരി. വൈഖരീലഹരി, വൈരാഗ്യവൈദ്യുതി, വൈദികവിചാരവീചി, ശ്രീശങ്കരാചാര്യസ്തുതി, പണ്ഡിത മണ്ഡനം, ശിവാൽക്കർഷമഞ്ജരി, മംഗള പ്രശസ്തി, സഭാരഞ്ജനഭാഷ, ബുദ്ധചരിതം, സർവ്വദർശനസംഗ്രഹം, അപരോക്ഷാനുഭൂതി, വേദാന്തഡിണ്ഡിമം, പ്രബോധസുധാകരം, ജാനകീപരിണയം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പദ്യകൃതികളിൽ ഉൾപ്പെടുന്നു. ഇവയിൽ നല്ലൊരുഭാഗം വിവർത്തനങ്ങളാണെന്നു പ്രത്യേകം പറയേണ്ടതുണ്ട്. പ്രദ്യുമ്നാഭ്യുദയം, കുന്ദമാല മുതലായ നാടക വിവർത്തനങ്ങൾ ഇവയ്ക്കു പുറമെയാണു്. മനുസ്മൃതി, മാനവധർമ്മശാസ്ത്രം എന്ന പേരിൽ ഈ പണ്ഡിതമൂർദ്ധന്യൻ മുഴുവനും വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽനിന്നു ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
”ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ – മൂന്നു വർണ്ണം ദ്വിജാതികൾ
ചതുർത്ഥമൊന്നുതാൻ ശൂദ്രൻ – പഞ്ചമം ജാതിയില്ലതാൻ.
ശൂദ്രനുൽകൃഷ്ടമാം കർമ്മം – വിപ്രസേവനമൊന്നുതാൻ;
അതുവിട്ടന്യമാം കർമ്മം – അവന്നു ഫലമറ്റതാം.”
ഇമ്മട്ടിൽ ഏറ്റവും ലളിതമായ രീതിയിലാണു് അതു പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
മനുസംഹിതയിൽ പത്താ – മധ്യായത്തിൻ്റെ സത്തിതാം
ഈ. വി. രാമദ്വിജൻതന്നെ – യതും ഭാഷപ്പെടുത്തിയോൻ
എന്നിങ്ങനെ ഓരോ ഭാഗത്തിൻ്റെ അവസാനത്തിലും അതതിന്നനുരൂപമായ വിധത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സർവ്വദർശനസിദ്ധാന്തത്തിൻ്റെ പരിഭാഷയിലും ഇതുപോലെതന്നെ-
രാമൻനമ്പൂരിയീമട്ടി – ലിതും ഭാഷപ്പെടുത്തിനാൻ
എന്നും കുറിച്ചുകാണുന്നു.