പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

വൈഖരീലഹരി: പല കാലങ്ങളിലും പല പ്രസ്ഥാനങ്ങളിലും എഴുതി ആത്മപോഷിണി, കവനകൗമുദി, ഉണ്ണിനമ്പൂതിരി തുടങ്ങിയ ഓരോ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയ 15 ലഘുകവനങ്ങളുടെ സമാഹാരമാണ് വൈഖരീലഹരി. അതിലെ ആശ്രിതവാത്സ്യല്യത്തിൽനിന്നു ചില പദ്യങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ- കവി കടുത്തുരുത്തിയെ വർണ്ണിക്കുന്ന ഭാഗമാണിത്:

ശ്രീ ‘മോക്ഷമൂല്യർ’ പറയുംപടി ഭാരതത്തിൽ
സാമോദമായ് പ്രകൃതിദേവി ചിലേടമെല്ലാം
ക്ഷേമോദയാൽ ത്രിദിവമാക്കിലസിപ്പൂവെന്നാ-
ലാമോഹനസ്ഥലികൾതൻ മുടിനാടിതത്രെ.

കൂലം കുലുക്കിയൊഴുകിപ്പുഴയിൽപ്പതിക്കും
ശീലംപെറുന്ന ചെറുതോടുക,ളേതുനാളും
നീലംനിറച്ചപടി നെൽച്ചെടി വാച്ചിടുന്ന
ചേലഞ്ചുമുത്തമനിലങ്ങൾ,വയൽസ്ഥലങ്ങൾ.

ഞാനായതിൻ മഹിമയിങ്ങനെയിപ്പൊൾ വർണ്ണി-
പ്പാനാകയില്ല; ചെറുതൊന്നു പറഞ്ഞുവയ്ക്കാം;
ആ നാട്ടിലെ പ്രകൃതി കാണുകിലേതു മൂകൻ-
താനാകിലും ഭണിതിയിൽ ഭവഭൂതിയാകും.

കവിയുടെ രസനാവൈഭവവും പ്രകൃത്യവലോകനപാടവവും എത്ര മനോജ്ഞമായി ഇവിടെ സമ്മേളിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക. കവി, വളരെ കാര്യമായി സൂക്ഷിച്ചുപോന്നിരുന്ന ഒരു പേന നഷ്ടപ്പെട്ട അവസരത്തിൽ കുറിച്ച പദ്യങ്ങളിൽ ഒന്നാണിത്:

അധികം സൂക്ഷിപ്പതു പോം,
സൂക്ഷിച്ചീടാത്തതേറെ നിലനില്ക്കാം;
പോവതിരിപ്പതിവയ്ക്കൊരു-
ഭേദം തോന്നാതിരിക്കതന്നെ ഗുണം.*

* (രാമൻനമ്പൂതിരി 1072 മീനം 6-ാം തീയതി കടുത്തുരുത്തിയിൽ ആയാംകുടിയിൽ ഏറ്റിക്കടയില്ലത്തു വിഷ്ണുനമ്പൂരിയുടേയും പാർവ്വതി അന്ത‍‍‍‌‍ർജ്ജനത്തിൻ്റേയും പ്രഥമപുത്രനായി ജനിച്ചു. വേദാദ്ധ്യയനം മുതലായവയ്ക്കു ശേഷം സ്വപരിശ്രമം കൊണ്ടു പഠിച്ചു കൊച്ചി പണ്ഡിത പരീക്ഷയിൽ ചേർന്നു ജയിച്ചു. 18-ാം വയസ്സിൽ കടുത്തുരുത്തി സ‍‍‍‌‍ർക്കാർസ്കൂൾ മുൻഷിയായി. സംസ്കൃതത്തിനു പുറമെ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ബംഗാളി, കർണ്ണാടകം എന്നീ ഭാഷകളിലും പ്രവീണനായിത്തീർന്നു. തിരുവനന്തപുരം മാനുസ്ക്രിപ്ററ് ലൈബ്രറിയിൽ കുറെക്കാലം പണ്ഡിതനായി ജോലി നോക്കി. പ്രയോഗദീപികാനിരൂപണം പുറത്തു വന്നതോടുകൂടി നമ്പൂരിയെ അവിടെനിന്നു പല സ്ഥലത്തേക്കും അദ്ധ്യാപകനായി സ്ഥലം മാററി. ഒടുവിൽ പഴയ സ്ഥാനത്തെത്തി. 1954-ൽ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു. 1957 മെയ് 27-ാം തീയതി അന്തരിച്ചു. പത്നി, ശ്രീദേവി അന്തർജനം. സ്വഭാര്യയിൽ ആറുമക്കളും, വിജാതീയഭാര്യയിൽ രണ്ടു മക്കളുമാണുള്ളത്. കവിയും സാഹിത്യകാരനുമായ ഇ. ആർ. ഡി. നമ്പൂതിരി സ്മര്യപുരുഷൻ്റെ പുത്രന്മാരിൽ ഒരുവനാണ്.)