പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

വെള്ളായ്ക്കൽ ഗോവിന്ദമേനോൻ : വള്ളത്തോൾ രീതിയെ അനുസ്മരിപ്പിക്കുന്ന രചനാസൗഷ്ഠവം വേണ്ടത്ര സ്വാധീനമായിട്ടുള്ള ഒരു കവിയാണു ഗോവിന്ദമേനോൻ. ‘സാഹിത്യവിനോദം’ നാലു ഭാഗങ്ങൾ, ‘സാഹിതീകടാക്ഷം’, ‘മധുമഞ്ജരി’, ‘വഴിവക്കത്തെ മാവ്’ ഇവയാണു് കവിയുടെ പ്രധാന കൃതികൾ. മഹീരുഹശ്രേഷ്ഠനായ മാവിൻ്റെ ചരിത്രം കവിയുടെ ഉള്ളിൽ ആവേശവും, പുറത്തു പുളകവും അരുളിയതിൻ്റെ ഫലമായി 48 ശ്ലോകങ്ങളിൽ ഉടലെടുത്ത ഒരു സൽകൃതിയാണു’ ‘വഴിവക്കത്തെ മാവു്’. അതു വീണപൂവിനെപ്പോലെയുള്ള ഒരു പ്രതിരൂപാത്മക കവിതയുമാണു്. രക്ഷിക്കപ്പെടേണ്ടവരാൽ പരിത്യക്തരായിത്തീരുന്ന ചില ശിശുക്കൾ ദൈവേച്ഛയാ വലിയ നിലയിൽ എത്തിച്ചേർന്നു ജനതോപകൃതിക്കായി വർത്തിക്കുന്നതിനെ വഴിവക്കത്തെ മാവിൻ്റെ ജീവിതത്തിൽ നിഗീര്യാദ്ധ്യവസാനം ചെയ്തിരിക്കയാണു് കവി.

ദൂരത്തെറിഞ്ഞിടുകിലെന്തു? മനുഷ്യരിട്ടു
പാരം മഥിച്ചിടുകിലെന്തു? വിശിഷ്ടബീജം
സ്വൈരം ജഗൽപതികൃപാവശഗം പരാർത്ഥ-
പാരമ്യരമ്യഗുണി പാരിലുയർന്നിടുന്നു