പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

സമരവീര്യം തുളമ്പുന്ന രജപുത്രകഥകളിൽ കവിക്കു കൂടുതൽ പ്രതിപത്തി ഉണ്ടായിട്ടുള്ളതുപോലെ തോന്നുന്നു. ‘രാജസ്ഥാനപുഷ്പം’ തുടങ്ങിയ ഗദ്യകൃതികളും വീരാംഗന, പുലിക്കൂട്ടിൽ, വീരസിംഹി തുടങ്ങിയ കവിതകളും അതിനുപോദ്ബലകങ്ങളാണു്. നിലവിലുള്ള സാമൂഹ്യനീതികളുടെ നേരെ കവിക്ക് അതിരറ്റ എതിർപ്പാണുള്ളത്. ജാതിവിചാരജന്യമായ അസമത്വഭാവത്തോടു് കവി നിർദ്ദയം അടരാടിയിട്ടുണ്ട്. ‘സ്വേദോപഹാരം’ മുതലായ കൃതികൾ അത്തരം സമരമനോഭാവത്തെ ആശാൻ, പ്രകാശിപ്പിക്കുന്നവയത്രെ. ചണ്ഡാലഭിക്ഷുകിയിൽ ആശാൻ,

അജ്ജാതി രക്തത്തിലുണ്ടോ – അസ്ഥി – മജ്ജയിതുകളിലുണ്ടോ?
ചണ്ഡാലിതൻമെയ് ദ്വിജൻ്റെ – ബീജ-പിണ്ഡത്തിനൂഷരമാണോ?

എന്നു ചോദിക്കുമ്പോൾ, ‘മറയോൻ വളർത്തിയ പറപ്പൈതലിൽ’,
ജാതിയില്ലേകവർണ്ണമൊഴുകും രുധിരത്തിൽ
ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും
എന്നു് രാമനും ചോദ്യംചെയ്യുന്നു. ദുരവസ്ഥവഴി ആവിഷ്ക്കരിച്ചിട്ടുള്ള മിശ്രവിവാഹംകൊണ്ടേ ഭാരതത്തിലെ ജാതി നശിക്കൂ എന്നു് ആശാനെപ്പോലെതന്നെ രാമനും വിളംബരം ചെയ്യുന്നു:

ജാതി ചോദിക്കയോ ജാതി ചിന്തിക്കയോ
ജാതി പറകയോ ചെയ്യൊല്ലാരും