പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

എന്ന പദ്യം നോക്കുക.

ഈയാർഷരാജ്യപരിപാവനധ‌ർമ്മതത്ത്വം
നീയാദരത്തൊടു വളർത്തി വരുന്നു മാവേ!

എന്നു പറയുമ്പോൾ അറിയാതെതന്നെ വ്യാസപ്രഭൃതികളുടെ ചരിതത്തിലേക്കും നാമൊന്നു എത്തിനോക്കുന്നുണ്ട്. വിശിഷ്ടമായ പല ആശയങ്ങളും ലോകതത്ത്വങ്ങളും ഈ ലഘുകാവ്യത്തിൽ നിറഞ്ഞിരിക്കയാണു്.

ഭാരംവഹിപ്പതിലൊരല്ലലുമില്ലയന്ത-
സ്സാരം പെടുന്നൊരു ഭവാനതു തീർച്ച തന്നെ;
പ്രാരബ്ധമൊക്കെ മധുരങ്ങൾ, ഫലങ്ങളെല്ലാം
സ്വൈരം വളർന്നു പരിപക്വഗുണങ്ങളായാൽ.

എത്ര അനുഭവവേദ്യമായ ഒരു തത്ത്വം. ‘ഇന്നിങ്ങുദിച്ചൊരു പുരോഗമനോത്സുകന്മാർ’ എന്നു തുടങ്ങുന്ന പദ്യത്തിൽ കാവ്യാദർശത്തെ സംബന്ധിച്ചു കവിക്കുള്ള അചഞ്ചലനിഷ്ഠയെക്കൂടി ധ്വനിപ്പിക്കുന്നു. എല്ലാ വിധത്തിലും ഈ ലഘുകാവ്യം സഹൃദയന്മാരുടെ ശ്രദ്ധ കൂടുതൽ അർഹിക്കുന്ന ഒന്നുതന്നെ.

കവിയും കഥാകൃത്തുമായിരുന്ന ഗോവിന്ദമേനോൻ തൃശ്ശൂർ കിഴക്കുമ്പാടു കരയിലുള്ള സ്വഗൃഹത്തിൽവച്ച് 1972 ജൂലൈ 20-ാം തീയതി നിര്യാതനായി. മരിക്കുമ്പോൾ അദ്ദേഹത്തിനു് 78 വയസ്സ് പ്രായമായിരുന്നു.