പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

അദ്ധ്യാത്മലഹരി: ദേവീഭക്തന്മാർക്കും സാഹിതീസേവകർക്കും ഒരുപോലെ രുചിക്കുന്ന ഒരു സ്തോത്രകാവ്യമാണു് അദ്ധ്യാത്മസൂരി പി. ആർ. അച്യുതൻ എഴുതിയിട്ടുള്ള അദ്ധ്യാത്മലഹരി. സ്രഗ്ദ്ധരാവൃത്തത്തിലുള്ള 108 ശ്ലോകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഇഷ്ടദേവതയായ ലളിതയെ വന്ദിച്ചുകൊണ്ടാണ് ലഹരി ആരംഭിക്കുന്നതു്. വടക്കുംകൂർ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഭക്തി, വേദാന്തം, കർമ്മം മുതലായ ശാസ്ത്രങ്ങളുടെ ബഹുമുഖങ്ങളായ രഹസ്യങ്ങളും ഈ കാവ്യത്തിലൂടെ പ്രകാശിപ്പിച്ചിരിക്കയാണ്. ശൃംഗാരത്തെ ഭക്തികൊണ്ടു കഴുകി ശുദ്ധീകരിക്കുന്ന ശ്ലോകങ്ങളാണ് അധികവും. ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം:

ഒന്നായുള്ളൊന്നുരണ്ടായ്, ഹിതമൊടതുടനേ
തന്നെ മൂന്നായൊരഞ്ചായ്
വന്നാകപ്പാടെ വർദ്ധിച്ചതുവഴിയളവി-
ല്ലാത്ത ‘ലോകങ്ങളായി’
എന്നാലോചിച്ചു രണ്ടായതുമുതലുളവാം
തൽപ്പടർപ്പൊക്കെ മാററീ-
ട്ടെന്നായിത്തന്നെ നിൽക്കും വിരുതുടയമഹാ
വിദ്യയെക്കൈതൊഴുന്നേൻ. (ശ്ലോ. 62)

അദ്ധ്യാത്മലഹരിക്കുപുറമേ അദ്ധ്യാത്മനിവേദനം എന്നൊരു കൃതിയും അച്യുതൻ നിർമ്മിച്ചിട്ടുണ്ട്.