ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
നമ്പ്യാരുവീട്ടിൽ നാരായണമേനോൻ: ഭാഷാകവികളുടെ കൂട്ടത്തിൽ പണ്ടേ പേരുറപ്പിച്ചുകഴിഞ്ഞിട്ടുള്ള ഒരു കവിയാണു നാരായണമേനോൻ. ‘ദേശീയഗീതങ്ങൾ’ എന്നൊരു കാവ്യസമാഹാരം മാത്രമേ പുസ്തകരൂപത്തിൽ പ്രകാശിപ്പിച്ചുകണ്ടിട്ടുള്ളു. ജാതിമതവർഗ്ഗാദികളായ ഉപാധികളെക്കൊണ്ടു് വിഭേദബുദ്ധി പുലർത്തിക്കൊണ്ടിരിക്കുന്ന ജനാവലിയെ ആ സങ്കുചിതചിന്താവലയത്തിൽനിന്നു വിമുക്തമാക്കാൻ മതിയായ പ്രേരണ ചെലുത്തത്തക്കവണ്ണം ആദർശാത്മകമായിട്ടുള്ളതാണു ദേശീയഗീതങ്ങളിലെ ഓരോ കവിതയും. എസ്. കെ. നായർ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ സർവ്വാംഗീണമായ പരിപാവനതയും ഇതിലെ ഓരോ ഗീതങ്ങൾക്കുമുണ്ട്. ‘പതാകാഗാനം’ മുതല്ക്ക് ആരംഭിക്കുന്ന ദേശീയഗീതങ്ങളിൽ ഇന്ത്യൻ ദേശീയത്വത്തിൻ്റെ സവിശേഷതകളും സ്ഫുടമായി തെളിഞ്ഞുകാണാം.
‘മതങ്ങളുടെ പിന്നിൽ’ എന്ന കവിതയിൽ, ക്ലാസ്സിലെ മതമത്സരം തീർക്കാൻ ദേശികൻ നല്കിയ സിദ്ധൗഷധം ഫലിച്ചപ്പോൾ അദ്ദേഹം ചോദിച്ച ഒരു ചോദ്യവും അതിനു കിട്ടിയ ഉത്തരവും കവി വ്യക്തമാക്കുന്നതിങ്ങനെയാണ്:
സ്വാദുകൂടുവതേതു്?- ഗുരു ചോദിക്കേ, കേൾക്കായ്:
ഏതുമേ ചവയ്ക്കുമ്പോൾ മാധുര്യമൊപ്പംതന്നെ!
ഈ ഉത്തരം നാരായണമേനോൻ്റെ കവിതയെ സംബന്ധിച്ചും പറയാമെന്നു തോന്നുന്നു.