പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

എം. ഓ. അവര: ഗദ്യപദ്യങ്ങളായ അനേകം കൃതികൾ രചിച്ചിട്ടുള്ള ഒരു സഹൃദയനും കവിയുമാണു് വിദ്വാൻ എം. ഓ. അവര. ‘മഹാത്യാഗി’യാണ് അദ്ദേഹത്തിൻ്റെ പദ്യകൃതികളിൽ പ്രധാനമായത്. ക്രിസ്തുവിൻ്റെ ത്യാഗമഹിമയെ – കുരിശുമരണത്തെ – ഹൃദയഹാരിയായി പ്രകാശിപ്പിക്കുന്ന ഒരു ഖണ്ഡകാവ്യമാണു് മഹാത്യാഗി. കാൽവരിമലയിൽ നാട്ടിയ കുരിശിൽ തൂങ്ങിയാണല്ലോ ആ ലോകരക്ഷകൻ മരണമടയുന്നതു്. അതിനാൽ “ജനകർമ്മപരമ്പരയ്ക്കഴും, ഫലമേകാൻ പ്രഭുപോലെ” നിലകൊള്ളുന്ന ആ ഗിരിയെ വർണ്ണിച്ചുകൊണ്ട് പ്രസ്തുത കാവ്യം ആരംഭിച്ചിട്ടുള്ളതു സർവ്വഥാ ഉചിതമായിട്ടുണ്ട്. നാതിവിസ്തരമായ വർണ്ണനകളും സന്ദർഭോചിതമായ തത്ത്വപ്രതിപാദനങ്ങളും കാവ്യത്തെ അതിരുചിരമാക്കിത്തീർക്കുന്നു. ഒന്നുരണ്ടു പദ്യങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം:

അപരാധികൾ ചെയ്ത തെറ്റിനെ-
പ്രതി ചിന്തിച്ചു തപിച്ചുവെങ്കിലേ
അവർ ചെയ്തൊരു പാപമഗ്നിയിൽ
ശലഭം പോലിഹ ചാമ്പലായിടൂ.
വരികെന്നരികത്തു ദാഹമു-
ള്ളവരെന്നോതിയ യേശുവല്ലയോ
ജലമേകുവിനെന്നിരന്നുതേ;
ഗഹനാർത്ഥങ്ങൾ പരൻ്റെ ലീലകൾ.