ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
കുഞ്ഞുണ്ണിനമ്പീശൻ : ശങ്കരക്കുറുപ്പു തുടങ്ങിയ കവികളോടൊപ്പം കവിതാപഥത്തിൽ സഞ്ചരിച്ചിരുന്ന ഒരു സൽക്കവിയാണ് ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. കവനകൗമുദിയിൽ ഒട്ടുവളരെ കൃതികൾ അദ്ദേഹം എഴുതിവന്നു. ഇരുപതു ഖണ്ഡകവനങ്ങളുടെ ഒരു സമാഹാരമാണ് ‘കാവ്യാഞ്ജലി’. ഓരോന്നും വിഷയവൈവിധ്യം കൊണ്ടും വൃത്തവൈവിധ്യംകൊണ്ടും ആകർഷകമാണ്. ‘വർഷാരംഭം’ എന്ന കവിതയിൽനിന്നും ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം:
നീരന്ധ്രനീലാഭ്രനിഗീർണ്ണവാനിൽ
നീരാജമാനം മഴവില്ലു കാണ്മൂ
വാരുറ്റ കാന്തിക്കതിർ ചിന്നിമിന്നും
വാനോർപുരീതോരണമെന്നപോലെ.
‘മുക്താവലി’ എന്നൊരു സമാഹാരവും നമ്പീശൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാകുന്തളം, കർണ്ണഭാരം, വിക്രമോർവ്വശീയം എന്നിവ കവിയുടെ വിവർത്തനകാവ്യങ്ങളാണു്. 1075-ൽ ചെറുളിയിൽ വാസുനമ്പീശൻ്റേയും പാപ്പിബ്രാഹ്മണിയുടേയും മകനായി ജനിച്ചു. 1966 ഡിസംബർ 25-ാം തീയതി തിരുവേഗപ്പുറയിലുള്ള സ്വവസതിയിൽവച്ചു് 67-ാമത്തെ വയസ്സിൽ നിര്യാതനായി.