പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

ഫാദർ നെടുഞ്ചിറ: രക്തകാന്തി, നാഗമർദ്ദിനി, ചാരിത്രവിജയം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും; ധർമ്മധീരൻ, തപ്തബാഷ്പം, സകൃതീന്ദ്രൻ തുടങ്ങിയ നാടകങ്ങളും നിർമ്മിച്ച് കൈരളിയെ ഉപാസിച്ചിട്ടുള്ള ഒരു സൽക്കവിയാണ് ഫാദർ ജോസഫ് നെടുഞ്ചിറ. ഖണ്ഡകാവ്യങ്ങളിൽ ‘രക്തകാന്തി’ പ്രഥമസ്ഥാനമർഹിക്കുന്നു. ക്രിസ്തുദേവൻ്റെ മുന്നോടിയായ സ്നാപകയോഹന്നാൻ്റെ ചരിത്രമാണു പ്രസ്തുത കാവ്യത്തിൻ്റെ പശ്ചാത്തലം. ടി. ആർ. നായരുടെ രക്തനർത്തകിയും, നെടുഞ്ചിറയുടെ രക്തകാന്തിയും ഓരേ ഇതിവൃത്തത്തിൻ്റെ ഭിന്നങ്ങളായ രണ്ടു രൂപങ്ങളാകുന്നു. നായർ മൂലകഥയുടെ ആദ്യന്ത ഭാഗങ്ങൾ കുറെ വിട്ട് കാവ്യരസത്തെ മുഖ്യമായി ദീക്ഷിച്ചുകൊണ്ട് കാവ്യം നിർമ്മിച്ചിരിക്കുന്നു. നെടുഞ്ചിറയാകട്ടെ, മൂലകഥയെ മുഴുവൻ അംഗീകരിച്ചുകൊണ്ടു കാവ്യരസത്തിനു ഭംഗംവരാതെ തന്നെ “അനുവാചകന്മാരുടെ ഹൃദയങ്ങളെ ഈശ്വരോന്മുഖങ്ങളാക്കുവാൻ സർവ്വഥാ പര്യാപ്തമായ വിധത്തിൽ ഈ ഖണ്ഡകാവ്യം നിർമ്മിച്ചിരിക്കുന്നു. സമയോചിതമായ ഓരോ രസഭാവങ്ങളെ പ്രകാശിപ്പിക്കുവാൻ കവിക്കുള്ള കഴിവു് ഇതിൽ എവിടെയും കാണാം. ഹേറോദേശിൻ്റെ കല്പനയനുസരിച്ചു നിഷ്ക്കണ്ടകന്മാരായ ഭടന്മാർ ഇളംകുഞ്ഞുങ്ങളെ സംഹരിക്കുന്ന ഒരു രംഗം നോക്കുക:

തള്ളയെക്കൈകൊണ്ടങ്ങള്ളിപ്പിടിച്ചൊരു
പിള്ളയെ മുഷ്ക്കരർ നിഷ്കരുണം
തട്ടിപ്പറിച്ചിട്ടു തൽക്ഷണംതാൻ മര-
പ്പട്ടപോൽ കഷ്ടം! വലിച്ചുകീറി
പിഞ്ചുകാൽ കൈകളും കേഴുന്ന തായതൻ
നെഞ്ചത്തെറിഞ്ഞവർ തൃപ്തരായി.