പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കെ. ടി. രാമുണ്ണിമേനോൻ: വാസനയിൽ വളർന്നുവന്ന ഒരു കവിയാണു് കല്ലന്മാർതൊടിയിൽ രാമുണ്ണിമേനോൻ, ഒരു റൊമാൻ്റിക്ക് കവിയായിരുന്ന അദ്ദേഹം ശിവോതിപ്പൂവ്, ഈറ്റില്ലത്തിലെ മൈതാനം, അസ്തി തുടങ്ങിയ മനോജ്ഞമായ ഭാവാത്മക കൃതികൾ പലതും നി‍‍‍‌‍ർമ്മിച്ചിട്ടുണ്ട്. ‘ശിവോതിപ്പൂവി’ലെ ഒരു ഭാഗമാണിതു്:

പലജാതിപ്പൂക്കൾ വിടർന്നു നില്ക്കും
മലർവാടിതാനോർക്കിലിപ്രപഞ്ചം
അലിവേറുമീശൻതൻ പ്രേമമോരോ
മലരിലും തൂകുന്നു തൂമരന്ദം!
മുദമേകില്ലാർക്കഹോ ചക്രവാളം
മതിൽ കെട്ടീട്ടുള്ളൊരീ രമ്യോദ്യാനം.

കവിയുടെ ജീവിതാദർശത്തെ വ്യക്തീകരിക്കുന്ന രണ്ടു വരികളാണ് താഴെ കുറിക്കുന്നത്;

എന്തൊരു ദുഃഖം സഹിക്കേണ്ടിവന്നാലും ശരി
പിന്തിരിഞ്ഞോടാതെ ഞാൻ യത്നിക്കുമാജീവാന്തം.

കൊല്ലം 1079 മുതൽ 1126 വരെയാണു് കവി ജീവിച്ചിരുന്നത്.