പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കെ. എസ്. കെ. തളിക്കുളം: സുന്ദരമായ പല കവിതകളും എഴുതിയിട്ടുള്ള ഒരു വാസനാകവിയാണു് കെ. എസ്. കെ. എന്ന മൂന്നക്ഷരത്തിൽ ഒതുങ്ങിക്കഴിയുന്ന കൊല്ലാറ ശങ്കരൻ കൃഷ്ണൻ. പൂമൊട്ടുകൾ, പ്രണയദൂതൻ, പുകഞ്ഞകൊള്ളി തുടങ്ങിയ അനേകം സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘മരുപ്പച്ച’ മേല്പറഞ്ഞ സമാഹാരങ്ങളിൽനിന്നും മറ്റുമായി തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണു്. 1963 ജൂൺ 2-ാം തീയതി കവിയുടെ ഷഷ്ടിപൂർത്തിയാഘോഷത്തോടനുബന്ധിച്ചു പുറപ്പെടുവിച്ചിട്ടുള്ളതാണു് പ്രസ്തുത സമാഹാരമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ലളിതവും അകൃത്രിമവുമായ ഒരു രീതിയാണു് കെ. എസ്. കെ. യുടെ കൃതികളിൽ പൊതുവേ കാണുന്നത്. ‘അനുസ്മരണ’ എന്ന കൃതിയിൽനിന്ന് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

തെങ്ങും കവുങ്ങും രസാലവും വാഴയും
തിങ്ങുമക്കൊച്ചുപറമ്പു കണ്ടീലയോ!
അങ്ങോട്ടു ചിന്താതരളിതനായ ഞാ-
നെങ്ങനെ കണ്ണീരൊഴുക്കാതെ നോക്കിടും?
പത്തുകൊല്ലങ്ങളായെങ്കിലുമിപ്പൊഴു-
മത്തരുവൃന്ദവും വല്ലികൾകൂടിയും
അന്നു കഴിഞ്ഞ കഥകളശേഷവു-
മെന്നെയനുസ്മരിപ്പിച്ചു നില്ക്കുന്നിതാ!
അക്കുളുർമാവിൻചുവട്ടിൽ വെച്ചല്ലയോ
മൈക്കണ്ണിയും ഞാനുമൊത്തിരുന്നാദ്യമായ്
അന്യോന്യമുള്ളുതുറന്നു കാണിച്ചതും
ധന്യരായാനന്ദബാഷ്പം പൊഴിച്ചതും.

കെ. എസ്. കെ. 1980 ജൂൺ 21-ാംതീയതി നിര്യാതനായി. മരിക്കുമ്പോൾ 76 വയസ്സു പ്രായമായിരുന്നു.