പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

വി. കെ. ഗോവിന്ദൻനായർ: 1903 മുതൽ 1977 വരെ ജീവിച്ചിരുന്ന ഒരു സരസകവിയാണു് ഗോവിന്ദൻനായർ. അവിൽപ്പൊതി എന്ന സമാഹാരമാണു് അദ്ദേഹത്തിൻ്റെ പ്രധാന കൃതി. 1965-ൽ കേരളസാഹിത്യഅക്കാദമിയിൽ നിന്നു് അവാർഡ് ലഭിച്ചിട്ടുണ്ട്. ദ്രാവിഡവൃത്തങ്ങളിൽ രചിക്കപ്പെട്ട ‘ഭദ്രദീപ’മെന്ന ഒരു സമാഹാരവും ഈ കവിയുടേതായിട്ടുണ്ട്. ഇവയെല്ലാം ഉൾപ്പൊത്തി ‘വി. കെ. ഗോവിന്ദൻനായരുടെ കൃതികൾ’ എന്ന പേരിൽ ഒരു സഞ്ചിക പ്രത്യേകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും പ്രസ്താവയോഗ്യമാണ്. ഭാവസാന്ദ്രത വി. കെ. ജി.യുടെ മുക്തകങ്ങളുടെ ഒരു സവിശേഷതയായിപ്പറയാം.

അവിൽപ്പൊതിയിൽനിന്നു ചില പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:

വൈമല്യപ്രണയപ്രസന്നമധുരഗ്രന്ഥം ത്വദീയാനനം
സോമാംശുസ്മിതമല്ലി വെള്ളരി, മണിക്കണ്ണാടി ഗണ്ഡസ്ഥലം
പ്രേമപൊൻകതിർ ചിന്നിടും മിഴി കെടാദ്ദീപം കണിപ്പൂവുതാ-
നീ മെയ്യമ്മണി! ഹാ, വിഷുക്കണിയൊരുക്കാൻ നീ മെനക്കെട്ടുവോ?

മന്ദാരപ്പൂക്കൾ വൃന്ദാരകവിധുമുഖിമാർ തൂകവേ സന്മുനീനാം
വൃന്ദം നന്ദിച്ചു ‘നാരായണ ഹരിഹരി’യെന്നുച്ചകൈരുച്ചരിക്കേ
മന്ദസ്മേരാസ്യമാരാം വ്രജയുവതികളൊന്നിച്ചു നൃത്തം ചവിട്ടും
നന്ദൻതൻ പുണ്യപൂരം, പവനപുരകൃപാകന്ദളം ഭാവയേ അഹം.

വാകച്ചാർത്തിനു വല്ലവണ്ണവുമുണർന്നെത്തുമ്പൊഴേയ്ക്കമ്പലം
മാകന്ദാശുകമാനദണ്ഡമഹിളാമാണിക്യമാലാഞ്ചിതം
വാകപ്പൂമൃദുമെയ്യു മെയ്യിലുരസുമ്പോഴെൻ്റെ ഗോപീജന-
ശ്രീകമ്രസ്തനകുങ്കുമാങ്കിത, മനസ്സോടുന്നു വല്ലേടവും!

ഇത്തരത്തിലുള്ള രചനാവിരുതും അദ്ദേഹത്തിൻ്റെ കൃതികളിൽ സാർവത്രികമായി കാണാവുന്നതാണു്. അക്ഷരശ്ലോകപ്രസ്ഥാനം പേരും പെരുമയുമാർജ്ജിച്ച ഒരു വൈദ്യനായി കവി കല്പിക്കുന്നതു നോക്കുക:

നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂർവ്വാർജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടുപ്പിച്ചകമലർ വികസിപ്പിച്ചു സംജാതമാക്കും
പ്രാവീണ്യത്തിന്നു കേൾവിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യൻ.