ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ടി. സുബ്രഹ്മണ്യൻ തിരുമുമ്പു്: മലബാറിലെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന താഴയ്ക്കാട്ടുമനയ്ക്കൽ എന്ന നാടുവാഴിക്കുടുംബത്തിലെ ഒരംഗമാണു്, കവിതാവാസനയുടെ ചെല്ലസ്സന്താനമായ ടി. എസ്. തിരുമുമ്പ്. വളരെ ചെറുപ്പത്തിലെതന്നെ കവിത എഴുതിത്തുടങ്ങിയ ഈ കവി യുവത്വത്തിലേക്കു കടന്നതോടുകൂടി ജീവിതത്തിലെ നല്ലൊരു ഭാഗം സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രീയപ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചിരുന്നു. അക്കാലത്തും ആർഷ സംസ്കാര പ്രേമിയായ ഒരു കവിയായിരുന്നു തിരുമുമ്പു്. ‘കഴിഞ്ഞ ധർമ്മയുദ്ധത്തിൻ്റെ ഒരു നിരീക്ഷണം’ എന്ന കവിതയിലെ ഒരു ഭാഗം നോക്കുക:
ആ രമ്യസദ്ഗുണ യശഃഛട തിങ്ങിവിങ്ങി
വാരഞ്ചുമീ മഹിതഭാരത പുണ്യഭൂമി
ഘോരം പ്രകത്സിതതരോല്ക്കടപാരതന്ത്ര്യ-
ഭാരം വഹിച്ചു നിലവിട്ടു ഞെരുങ്ങിടുന്നു.
ആ രാജമാനസുഗുണൻ ജനകൻ്റെ രാജ്യം,
ആരാദ്ധ്യബുദ്ധമുനിതൻ തിരുവാസഭൂമി,
ശ്രീരാമചന്ദ്രനുടെ ജന്മധരിത്രി, കഷ്ട-
മീരാക്ഷസർക്കൊരു നികേതനമായിതല്ലോ.