പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

എന്ന ശ്രീനാരായണ​ഗുരു സന്ദേശത്തെ പള്ളത്ത് പലപ്രകാരത്തിലും ആവർത്തിച്ചാവർത്തിച്ചു കാവ്യരൂപത്തിൽ പ്രകാശിപ്പിച്ചിട്ടുണ്ട്. കവി ഇടക്കാലത്തു് ‘രാവണായനം’ എഴുതുവാൻ തിരക്കുകൂട്ടിയതും മറ്റും പ്രസിദ്ധമാണല്ലൊ.

കാലിക പ്രശ്നങ്ങളെ ആശ്ലേഷിക്കുവാൻ പള്ളത്തു കുറെയേറെ ശ്രമിച്ചിരുന്നു. ‘പഞ്ഞക്കുടിൽ’, ‘ചുറ്റികഗാഥ’, ‘അരിവാൾഗാനം’ മുതലായ കവിതകൾ ഇന്നത്തെ ഉപരിപ്ലവമായ വിപ്ലവവാസന നിറഞ്ഞവയത്രെ. ഉദയരശ്മി, കൈത്തിരി, മിശ്രകാന്തി മുതലായവയാണ് പള്ളത്തിൻ്റെ പ്രധാന കൃതികൾ. പല സമാഹാരങ്ങളും ഒന്നിച്ചുചേർത്തു് ‘പള്ളത്തിൻ്റെ പദ്യകൃതികൾ’ എന്ന പേരിൽ അവ പ്രത്യേകം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. * (പള്ളത്തു കുടുംബത്തിൽ ഇക്കോരൻ, ലക്ഷ്മി എന്നീ ദമ്പതിമാരുടെ ദ്വിതീയ പുത്രനായി 1067 കന്നി 22-ാം തീയതി അനിഴം നക്ഷത്രത്തിൽ രാമൻ ജനിച്ചു. 1920 മുതൽ 1943 വരെ പാലക്കാട്ടു വിക്ടോറിയാ കോളജിൽ ഭാഷാപണ്ഡിതനായിരുന്നു. സാഹിത്യപരിഷത്തിൻ്റെ 14-ാം സമ്മേളനം പാലക്കാട്ടുവെച്ചു കൊണ്ടാടിയപ്പോൾ അതിൻ്റെ പ്രധാന കാര്യദർശിത്വം രാമനാണു വഹിച്ചിരുന്നത്. 1120-ൽ കൊച്ചി മഹാരാജാവു് ‘കവിതിലകൻ’ എന്ന ബഹുമതി നല്കി. 1950 ജൂലൈ 28-ാം തീയതി കവി തിരുവനന്തപുരത്തുവച്ചു നിര്യാതനായി.)