പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

ക്വിറ്റ് ഇന്ത്യാ പ്രമേയം കോൺഗ്രസ്സ് അംഗീകരിക്കുന്നതിനു വളരെ മുമ്പു തന്നെ തിരുമുമ്പു് ആ ആശയം സ്വകവിതയിൽ വ്യക്തമാക്കിയിരുന്നു:

തീണ്ടാടി വന്ന പരദേശികളേ, ഭവാന്മാ-
ർക്കുണ്ടാകുമോ കരുണ ഞങ്ങളിലെന്തുകൊണ്ടും
കൊണ്ടാടി നാടിതു ഭരിച്ചതു കണ്ടു; വേണ്ട
വേണ്ടാ-മടങ്ങുകിനി വന്ന വഴിക്കുതന്നെ.

ഈ കവിത എഴുതിയ കവിയും അതു പ്രസിദ്ധപ്പെടുത്തിയ ‘യുവഭാരത’ പത്രാധിപരും ഇന്ത്യൻ ശിക്ഷാനിയമം 124-ാം വകുപ്പുപ്രകാരം ശിക്ഷാർഹരായിത്തീർന്നു. കവിത എഴുതിയതിനു് ഒരു കവി ആദ്യമായി ജയിലിൽ പോകേണ്ടിവന്നതും കേരളത്തിൽ തിരുമുമ്പുതന്നെയായിരുന്നു.

1948 മുതൽ കവി രാഷ്ട്രീയത്തിൽനിന്നു മിക്കവാറും പിന്മാറി എന്നുതന്നെ പറയാം. തന്നിൽ അമർന്നുകിടന്നിരുന്ന കവിത്വശക്തിയെ ഉജ്ജീവിപ്പിക്കുവാനാണ് ഇക്കാലം മുതൽ തിരുമുമ്പു ശ്രമിച്ചുതുടങ്ങിയതു്. ദേവീഭാഗവതം വൃത്താനുവൃത്തമായി കവി വിവർത്തനംചെയ്തത് ഈ കാലഘട്ടത്തിലാണ്. കേരളസാഹിത്യത്തെപ്പറ്റി നാമറിഞ്ഞു തുടങ്ങുന്നതു വിവർത്തനത്തിലൂടെയാണല്ലോ. വാല്മീകിയെ അനുകരിച്ച ചീരാമകവിയുടെ രാമചരിതം ഉത്ഭവിച്ചതുമുതൽ ഇന്നുവരെ മലയാളപദ്യസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള കൃതികളുടെ സ്വഭാവം കണക്കാക്കിയാൽ ഭൂരിഭാഗവും സംസ്കൃതത്തിലുള്ള പുരാണേതിഹാസകാവ്യാദികളുടെ വിവർത്തനങ്ങളോ അനുകരണങ്ങളോ ഒക്കെയാണെന്നു കാണാം. ചെറുശ്ശേരി, കണ്ണശ്ശൻ, എഴുത്തച്ഛൻ എന്നിവർ പുരാണേതിഹാസങ്ങളെ സ്വതന്ത്രമായി ഗാനസ്വരൂപത്തിൽ അവതരിപ്പിച്ചു. അവരുടെയത്നം കൈരളിക്ക് ഈടുറ്റ ഈടുവയ്പുകളായിത്തീരുകയും ചെയ്തു. അതിൽപ്പിന്നീട് അതുപോലെ വിവർത്തനംവഴിക്കു ഗണനീയമായ മുതൽക്കൂട്ടുണ്ടാക്കിയിട്ടുള്ളത് കഞ്ഞിക്കുട്ടൻതമ്പുരാനും വള്ളത്തോളുമാണു്. ഒന്നേകാൽ ലക്ഷത്തോളം ശ്ലോകങ്ങളുള്ള വ്യാസഭാരതത്തെ തമ്പുരാൻ വൃത്താനുവൃത്തമായി വിവർത്തനം ചെയ്തു. എണ്ണായിരത്തിൽപ്പരം ശ്ലോകങ്ങളുള്ള വാല്മീകിരാമായണത്തെ വള്ളത്തോളും വൃത്താനുവൃത്തമായി തർജ്ജമചെയ്തു. ഇപ്പോളിതാ ടി. സുബ്രഹ്മണ്യംതിരുമുമ്പിൽനിന്നു് അഷ്ടാദശപുരാണങ്ങളിൽ ഉൾപ്പെട്ട ദേവീഭാഗവതത്തിൻ്റെ ഭാഷാനുവാദവും നമുക്കു ലഭിച്ചിരിക്കുന്നു.