ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
പതിനെണ്ണായിരം പദ്യങ്ങളുൾക്കൊള്ളുന്ന ഒരു ഉൽകൃഷ്ടകൃതിയാണു് ദേവീഭാഗവതം. പാണ്ഡിത്യവും രചനാവൈഭവവും ഒന്നുപോലെ മേളിച്ചിട്ടുള്ള ഒരുവനേ വിവർത്തനകൃത്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ. തിരുമുമ്പു തൻ്റെ ഭാഷാഭാഗവതംവഴി അതാണു് ഇവിടെ വ്യക്തമാക്കിയിട്ടുള്ളത്. തിരുമുമ്പിൻ്റെ ഭാഷാന്തരത്തിനു മുമ്പു പ്രസ്തുത കൃതിക്കു മലയാളത്തിൽ എട്ടോ ഒൻപതോ വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു് അറിയുന്നത്. അധികവും ഭാഷാഗാനങ്ങളാണ്. കണ്ടിയൂരിൻ്റേതുമാത്രം വൃത്താനുവൃത്തവും. വിവർത്തനങ്ങളിൽ ആദ്യത്തേതു് ആററുകാൽ ശങ്കരപ്പിള്ളയുടെതാണെന്നു തോന്നുന്നു. എന്നാൽ, ഇപ്പറഞ്ഞവയെല്ലാം തന്നെ ഓരോവിധത്തിൽ അപൂർണ്ണതയോടുകൂടിയതാണെന്നു പറയേണ്ടതുണ്ട്. തിരുമുമ്പിൻ്റെ വിവർത്തനമാകട്ടേ, വിവർത്തനപരമായ സമഗ്രഭംഗി തികഞ്ഞതുമാണു്. ഭക്തജനങ്ങൾക്കു ഭാഗവതാമൃതം പാനംചെയ്വാൻ ഈ വിവർത്തനം സർവ്വഥാ സഹായകമാണു്. ദേവീഭാഗവതത്തിൻ്റെ ഈ വിവർത്തനം ഒന്നുകൊണ്ടുതന്നെ തിരുമുമ്പ് പദ്യസാഹിത്യചരിത്രത്തിൽ ബഹുമാനിതനായിത്തീർന്നിരിക്കുന്നു. വിവർത്തനത്തിൻ്റെ സ്വഭാവം മനസ്സിലാക്കുവാൻ മാത്രമായി ഒരു പദ്യം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
നീ വിട്ടുവെങ്കിലൊരു വസ്തുവുമില്ല ബാക്കി-
യായേതിലും ഭവതിയത്രെ നിറഞ്ഞിരിപ്പൂ!
ഹാ, ശക്തിവിട്ട പുരുഷൻ വ്യവഹാരദക്ഷ-
നല്ലെന്നുതാൻ ജനനി, ധീയെഴുവോർ കഥിപ്പൂ!