പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

അയിരൂർ സി. മാധവൻ പിള്ള: കാവ്യലോകത്തിൽ വളരെ പ്രസിദ്ധനല്ലെങ്കിലും മികവേറിയ പല സൽകൃതികളും രചിച്ചിട്ടുള്ള ഒരു കവിപുംഗവനാണ് സി. മാധവൻപിള്ള. പരാഗം, പത്മരാഗം, വ്യാമോഹം തുടങ്ങിയവയത്രെ പ്രധാന കൃതികൾ. അസാമാന്യമായ കവിപ്രതിഭയുടെ സവിശേഷഭാവങ്ങൾ ഇവ ഓരോന്നിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ‘പത്മരാഗം’ രാഷ്ട്രീയകാര്യ പരാമർശകമായ ഒരു കൃതിയത്രെ. എന്നുവരികിലും, ഭാവുകന്മാരിൽ രസോൽക്കർഷമരുളുവാനുള്ള കഴിവ് അനന്യസാധാരണമെന്നേ പറയേണ്ടൂ. കാവ്യം മനുഷ്യകഥാനുഗായിയായതാണ് അതിനു മുഖ്യകാരണം. കലാലയംവിട്ടു കാരാഗൃഹവാസം വരിക്കുവാൻ പുറപ്പെടുന്ന പ്രാണാധിനായകനെ സമീപിക്കുന്ന നായികയുടെ വൈവശ്യം കവി എത്രമാത്രം ഉദ്വേഗജനകമായിട്ടാണ് ചിത്രീകരിക്കുന്നതെന്നു നോക്കുക:

പൂങ്കോരകത്തെയുമഹോ തുളുമ്പും
മന്ദാരബിന്ദുക്കളെയും ത്യജിച്ചു
മന്ദാനിലാന്ദോളിതസൗരഭംപോ-
ലെങ്ങോട്ടുപോകുന്നയി ജീവനാഥ!

ഇതുപോലെ ഭാവോജ്ജ്വലങ്ങളും വിചാരമധുരങ്ങളുമായ പല രംഗങ്ങളും അതിലുണ്ട്. ആലോചനാമൃതങ്ങളായ തത്ത്വചിന്തകളും കുറവല്ല.