ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
അസഹായികളെന്ന ചിന്തയേ-
തകമാളുന്നതു നാസ്തകീയമാം
പരമാസ്തികചിന്ത ചേരുകിൽ
ഹൃദിയേകാന്തതഭീതിചേരുമോ?
‘പരാഗ’ത്തിൽ സാമുദായിക ജീവിതത്തിലെ ഒരു തകർച്ചയെ വെളിപ്പെടുത്തുന്നു. ജീവിതസ്പർശിയാണു പ്രസ്തുത ഖണ്ഡകാവ്യം. ഏതു രസഭാവങ്ങളേയും ഉന്മൂലനംചെയ്യാനുള്ള കരുത്ത്, കവി ഇക്കാവ്യത്തിൽ കൂടുതൽ പ്രകടമാക്കിയിരിക്കുന്നു.
സുലളിത കലനാകലാവിലാസോദ്-
ഗളകളകാകളി മേളമേളനീയ
പുളകണി ലലനാലസന്മരാളീ-
തുലതയിവങ്കലലിഞ്ഞുലാവിടുന്നു
എന്നിങ്ങനെ അനർഗ്ഗളമായി ഒഴുകുന്ന പദപ്രവാഹം ഒന്നുമാത്രം മതിയല്ലൊ കവിയുടെ കഴിവിനെ വിളംബരം ചെയ്യുവാൻ.
വ്യാമോഹം, ‘എക്സ്പ്രഷണലിസപ്രസ്ഥാന’ത്തിൽ എഴുതിയിട്ടുള്ള മികച്ച ഒരു കാവ്യമാണു്. രസനിഷ്യന്ദിയായ ഈ കൃതിയും അയിരൂരിൻ്റെ കവിസ്ഥാനാർഹതയെ സവിശേഷം വിളിച്ചുപറയുവാൻ പര്യാപ്തമായതുതന്നെ.